ഇലകമൺ(വർക്കല) : ഗാർഹിക പീഡനത്തിനെതിരെ കോടതിയുടെ സംരക്ഷണ ഉത്തരവ് നേടിയ വീട്ടമ്മയെ ഭർത്താവിന്റെ സഹോദരങ്ങൾ ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികൾ പൊലീസിനു മുന്നിൽ കീഴടങ്ങി.
അയിരൂർ കളത്തറ എംഎസ് വില്ലയിൽ ലീനാമണി (53) കൊല്ലപ്പെട്ട കേസിൽ ഭർതൃസഹോദരൻമാരായ അഹദ്, ഷാജി എന്നിവരാണ് കീഴടങ്ങിയത്. റൂറൽ എസ്പി ഓഫിസിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ഭർതൃ സഹോദരന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആകെ 4 പ്രതികളാണ് കേസിലുള്ളത്.
കേസിലെ ഒന്നാം പ്രതി അഹദിന്റെ ഭാര്യ ഇടവ പുന്നക്കുളം അറഫാത്ത് മൻസിലിൽനിന്നു ഇലകമൺ അയിരൂർ കളത്തറ എംഎസ് വില്ലയിൽ താമസിക്കുന്ന റഹീനയുടെ(32) അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഞായറാഴ്ച നടന്ന കൊലപാതകത്തിനു പിന്നാലെ ഇവർ പൊലീസ് കസ്റ്റഡിയിലായിരുന്നു. കേസിലെ നാലാം പ്രതിയാണിവർ. കേസിൽ പ്രതിയായ മുഹ്‌സിനായി അന്വേഷണം ഊർജിതമാക്കി.
ഇവർ ഉൾപ്പെട്ട സംഘമാണ് അയിരൂർ കളത്തറ എംഎസ് വില്ലയിൽ ലീനാമണിയെ(53) ആക്രമിച്ചത്. ഒന്നരവർഷം മുൻപ് മരിച്ച ഭർത്താവ് സിയാദിന്റെ വീട്ടിൽ താമസിക്കുന്ന ലീനാമണിയെ സ്വത്തിന്റെ പേരിലാണ് മർദിച്ചത്.
സിയാദ് മരിച്ചതോടെ സ്വത്തിൽ സഹോദരങ്ങളും അവകാശവാദം ഉന്നയിച്ചു. ഇതിന്റെ ഭാഗമായി 2 മാസം മുൻപ് സിയാദിന്റെ സഹോദരന്മാരിൽ ഒരാളായ അഹദും കുടുംബവും ഇവരുടെ വീട്ടിൽ താമസമാക്കി. ഇതിനെതിരെ ലീനാമണി കോടതിയെ സമീപിച്ചിരുന്നു.
കൊല നടക്കുന്നതിന്റെ തലേന്ന് ലീനാമണിക്കു കോടതിയുടെ സംരക്ഷണ ഉത്തരവ് ലഭിച്ചിരുന്നു. അന്നു വൈകിട്ട് പൊലീസ് എത്തി ഉത്തരവ് ലീനാമണിക്കും അഹദിനും കൈമാറി. കോടതിയിൽനിന്നു സംരക്ഷണ ഉത്തരവ് ലഭിച്ചതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.
.jpg)
0 Comments