തൃശൂര്‍ : നിക്ഷേപകരില്‍നിന്നു 42 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നാം പ്രതി വടൂക്കര പാണഞ്ചേരി വീട്ടില്‍ കൊച്ചുറാണി ജോയ് (62) അറസ്റ്റില്‍. തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതികള്‍ വന്‍ തോതില്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്നു പണം സ്വീകരിച്ചിരുന്നത്. ഈ കേസിലെ രണ്ടാം പ്രതിയും സ്ഥാപന ഉടമയുമായ ജോയ് ഡി. പാണഞ്ചേരിയുടെ ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമാണ് കൊച്ചുറാണി. ജോയ് ഡി. പാണഞ്ചേരി ഇപ്പോള്‍ ജയിലിലാണ്. കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം, കൊച്ചുറാണി ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീകോടതിയേയും സമീപിച്ചിരുന്നു.
സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി ഇന്നലെ അന്വേഷണോദ്യോഗസ്ഥനായ സിറ്റി സി-ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ.എ. തോമസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഇവരുടെ മക്കളും സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരുമായ ഡേവിഡ് പാണഞ്ചേരി (35), ചാക്കോ പാണഞ്ചേരി (32) എന്നിവരും കേസില്‍ പ്രതികളാണ്. തൃശൂര്‍ കണിമംഗലം സ്വദേശിനിയുടേയും കുടുംബാംഗങ്ങളില്‍ നിന്നുമായി 54 ലക്ഷത്തിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് തിരികെ നല്‍കിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതുവരെയായി പ്രതികള്‍ക്കെതിരെ 125 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പണം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും പരാതിയുമായി എത്തിക്കൊണ്ടിരിക്കുകയാണ്.
%20(14).jpg)
0 تعليقات