banner

തൃക്കരുവയിലെ റോഡുകൾ തകർന്നടിഞ്ഞിട്ട് വർഷങ്ങൾ പിന്നിടുന്നു!, ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഭരണസമിതി, അഷ്ടമുടി ലൈവ് അന്വേഷണം - 'തൃക്കരുവയിലെ മരണ വീഥികൾ'


തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകൾ തകർന്നടിഞ്ഞ് പൊതുജീവിതത്തിന് വിലങ്ങുതടിയായിട്ട് വർഷങ്ങൾ പിന്നിടുന്നു. ആലുവിള - പഞ്ചായത്ത് - കാഞ്ഞാവെളി റോഡുകളാണ് അനുദിനം അപകട വീഥികളായി മാറുന്നത്. ഇതിനായി മന്ത്രിസഭ പാസാക്കി അനുവദിച്ച എഴുപത് ലക്ഷത്തോളം രൂപ പര്യാപ്തമല്ലെന്ന് അറിയിച്ച് തിരിച്ചയച്ചിരിരുന്നു. പിന്നാലെ കൊല്ലം എം.എൽ.എ വിവിധ പ്രോജക്ടുകൾക്കായി ആറ് കോടിയോളം രൂപ ഫണ്ട് അനുവദിച്ചതിൽ നിന്ന് ഈ റോഡ് പണിയും പൂർത്തികരിക്കാമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. എന്നാൽ ഇതിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഭരണസമിതി ചൂണ്ടിക്കാട്ടുന്നത്.

ഇതിനോടകം പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് ഈ റോഡുകളുടെ താല്കാലിക അറ്റകുറ്റപണികൾക്കായി ലക്ഷങ്ങൾ ചിലവാക്കിയതായി രാഷ്ട്രീയ കക്ഷികൾ ആരോപണം ഉന്നയിച്ചിരുന്നു. ഈ പണം ചിലവാക്കുന്നതിനായാണ് മനപൂർവ്വം റോഡ് പണി വൈകിപ്പിക്കുകയാണെന്നും അവർ പറയുന്നു. എന്നാൽ, ഇനിയും മാസങ്ങൾ കാത്തിക്കേണ്ടി വരുമെന്ന് ഭരണസമിതി പ്രതിനിധി അഷ്ടമുടി ലൈവിനോട് പറഞ്ഞു. ബി ആൻ്റ് സി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. പുതിയ മാർഗ്ഗരേഖ അനുസരിച്ച് റോഡിൻ്റെ ഇരുവശങ്ങളിലുമായി ആദ്യം ജല വകുപ്പിൻ്റെ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഈ പണികൾ മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. ഇതിന് ശേഷമാകും റോഡ് പണി തുടങ്ങുക. റോഡുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, ഈ റോഡുകളുടെ പണി പൂർത്തിയാകാത്തതിൻ്റെ കാലതാമസത്തിലേക്ക് നയിച്ച കാരണങ്ങൾ തേടിയും പഞ്ചായത്തിലെ മറ്റ് റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ചുമുള്ള വാർത്തകൾ വരും ദിവസങ്ങളിൽ 'തൃക്കരുവയിലെ മരണ വീഥികൾ' എന്ന ശീർഷകത്തിൽ അഷ്ടമുടി ലൈവ് അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങൾ പ്രേക്ഷകർക്ക് വായിക്കാം. വാർത്തകൾ അറിയിക്കുന്നതിന് 91 8907887883 എന്ന നമ്പറിൽ വിളിക്കുകയോ വാട്സാസാപ്പ് (wa.me/918907887883) മുഖേന ബന്ധപ്പെടുകയോ ചെയ്യുക.

Post a Comment

0 Comments