banner

മണിപ്പൂര്‍ പ്രശ്നം ഇന്ന് സുപ്രീംകോടതി പരിഗണിക്കും!, കുക്കി നേതാക്കളുമായി ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തും

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമാകുന്നതിനിടെ, വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ സ്ഥിതിഗതികളും, ക്രമസമാധാനം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും നേരിട്ട് വിശദീകരിക്കാന്‍ കോടതി മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും.

സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനായി ഇരുവരും ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇന്നലെ ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐ റ്റി എല്‍ എഫ്) നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്.

മെയ് 29 നും ജൂണ്‍ 1 നും ഇടയില്‍ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ITLF നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. ബി ജെ പി സര്‍ക്കാരിനുള്ള പിന്തുണ കുക്കി പീപ്പിള്‍സ് അലയന്‍സ് ഇന്നലെ പിന്‍വലിച്ചിരുന്നു. എന്‍ ഡി എ സഖ്യത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ട് എം എല്‍ എ മാരാണ് പാര്‍ട്ടിക്ക് ഉള്ളത്. നിലവില്‍ കുക്കി പീപ്പിള്‍സ് അലയന്‍സിന്റെ പിന്തുണ പിന്‍വലിക്കല്‍ സര്‍ക്കാരിന് ഭീഷണിയായേക്കില്ല.

Post a Comment

0 Comments