banner

പെരുമൺ – പേഴുംതുരുത്ത്‌ പാലം കൂട്ടിമുട്ടും!, പണി പൂർത്തീകരിക്കുക ടൂറിസ്റ്റുകളെ ആകർഷിക്കുംവിധം, രൂപരേഖയിൽ ഒടുവിൽ തീരുമാനം

കൊല്ലം : നടുവിലെ സ്പാനിനെ  സംബന്ധിച്ച പ്ലാനിൽ തീരുമാനമായതോടെ അഷ്‌ടമുടിക്കായലിനു കുറുകെ പെരുമൺ - പേഴുംതുരുത്ത്‌ പാലം കൂട്ടിമുട്ടും. ടൂറിസ്റ്റുകളെ ആകർഷിക്കുംവിധവും ബോട്ടുകളുടെ യാത്രയ്ക്ക്‌ ബുദ്ധിമുട്ടില്ലാതെയും മധ്യഭാഗത്ത്‌ 70 മീറ്ററിൽ സ്‌പാൻ നിർമിക്കുംവിധം രൂപരേഖ പുനഃക്രമീകരിച്ചത്‌ കരാർകമ്പനി അംഗീകരിച്ചു. അതിനിടെ കിഫ്ബി, കെആർഎഫ്ബി ഉദ്യോഗസ്ഥർ, ഡിസൈൻ തയാറാക്കുന്ന എൽ ആൻഡ് ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ നിലവിലുളള കരാർ വ്യവസ്ഥകൾക്ക് വിധേയമായി ജോലികൾ പൂർത്തിയാക്കുമെന്നു കരാർ കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്‌. എന്നാൽ, ഉറപ്പ്‌ കരാർ കമ്പനി രേഖാമൂലം സമർപ്പിക്കണം.

യോഗം കരട്‌ രൂപരേഖയും അംഗീകരിച്ചു. എൽ ആൻഡ് ടി ഇനി അതിവേഗം അന്തിമ രൂപരേഖ തയ്യാറാക്കും. കൊല്ലം താലൂക്കിലെ പനയം പഞ്ചായത്തിലെ പെരുമൺ കരയെയും മൺറോതുരുത്ത്‌ പഞ്ചായത്തിലെ പേഴുംതുരുത്തിനെയും ബന്ധിപ്പിക്കുന്ന പാലംപണി മധ്യഭാഗത്തെ സ്‌പാൻ നിർമാണം നടത്താതെ നിലയ്‌ക്കുകയായിരുന്നു. 2018ൽ ആരംഭിച്ച പാലത്തിന്റെ നിർമാണത്തിൽ ആദ്യഘട്ടം കോവിഡും പിന്നീട് രൂപരേഖ തർക്കവുമാണ്‌ തടസ്സമായത്‌.

കെആർഎഫ്ബി നൽകിയ രൂപരേഖ അനുസരിച്ച് ജോലികൾ പൂർത്തീകരിക്കാൻ കഴിയില്ലെന്നായിരുന്നു കരാർ കമ്പനിയുടെ ഇടക്കാലത്തെ നിലപാട്. ഇതേത്തുടർന്നാണ്‌ മധ്യഭാഗത്തെ സ്പാനിന്റെ നിർമാണത്തിനായി പുനഃക്രമീകരിച്ച്‌ രൂപരേഖ തയ്യാറാക്കാൻ എൽ ആൻഡ് ടിക്ക് 65 ലക്ഷം രൂപയുടെ കരാർ നൽകിയത്‌. കെആർഎഫ്ബി രൂപരേഖ കിഫ്ബിക്ക് കൈമാറിയതിനെ തുടർന്നാണ് രൂപരേഖ സംബന്ധിച്ച അവസാന തീരുമാനമെടുക്കാൻ യോഗം വിളിച്ചത്.

രൂപരേഖ കൂടുതൽ പരിശോധനകൾക്കായി ചെന്നൈ ഐഐടിക്ക് സമർപ്പിച്ചിരിക്കുകയാണ്‌. അന്തിമ രൂപരേഖ പൂർത്തീകരണത്തിന് ചെന്നൈ ഐഐടി വിഭാഗം പരിശോധനയ്‌ക്കായി സ്ഥലത്തെത്തും. എം മുകേഷ്‌ എംഎൽഎയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ്‌ രൂപരേഖ പുനഃക്രമീകരിക്കാൻ നടപടിയുണ്ടായത്‌.

Post a Comment

0 Comments