banner

കാഞ്ഞാവെളി മാർക്കറ്റിൽ പ്ലാസ്റ്റിക് കത്തിക്കുന്നതായ ചിത്രങ്ങളും വീഡിയോകളും വൈറൽ!, വീട്ടിലെ പ്ലാസ്റ്റിക്കിന് ഹരിത കർമ്മ സേനയ്ക്ക് കാശ് കൊടുക്കണമെന്നും പഞ്ചായത്തിന് അത് വേണ്ടെന്നും അടിക്കുറിപ്പ്, ആരോപണങ്ങൾ തള്ളി വാർഡ് മെമ്പർ


കാഞ്ഞാവെളി : കാഞ്ഞാവെളി മത്സ്യ മാർക്കറ്റിൻ്റെ പുറകിലായി പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിക്കുന്നതായ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നു. സമീപവാസിയായ ആൾ പ്രാദേശിക ഗ്രൂപ്പിൽ വിവരം പങ്കുവെച്ചതോടെയാണ് പൊതുമാർക്കറ്റിലെ പ്ലാസ്റ്റിക്ക് നിർമാർജ്ജനക്കാഴ്ച്ച പുറം ലോകത്തെത്തിയത്. വീട്ടിൽ പ്ലാസ്റ്റിക്ക് കത്തിക്കാൻ പാടില്ലായെന്നും പ്ലാസ്റ്റിക്ക് ശേഖരിച്ചു വെച്ച് അതാത് ദിവസം ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറണമെന്നുമുള്ള നിർദ്ദേശം പൊതുജനങ്ങൾക്ക് നൽകിയ തൃക്കരുവ ഗ്രാമ പഞ്ചായത്ത് തങ്ങളുടെ പ്ലാസ്റ്റിക് മാലിന്യം മാർക്കറ്റിൽ കത്തിക്കുന്നതിന് ഈ നിർദ്ദേശം ബാധകമല്ല എന്ന പരിഹാസ അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിച്ചത്. എന്നാൽ പോസ്റ്റിലെ ആരോപണങ്ങൾ തള്ളി വാർഡ് മെമ്പർ രംഗത്തെത്തി. അഷ്ടമുടി ലൈവിനോടാണ് വാർഡ് മെമ്പർ അനിൽ കുമാർ പ്രതികരിച്ചത്.

പ്ലാസ്റ്റിക് മാലിന്യം മാർക്കറ്റിനുള്ളിൽ കത്തിച്ചതായ സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് മെമ്പർ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കാൻ പാടില്ലാത്തതാണ് ഈ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിനായി ഉണക്കി സൂക്ഷിച്ചിരുന്നതാണ്. എന്നാൽ മാർക്കറ്റ് പരിപാലന ജോലിക്കാരൻ്റെ അശ്രദ്ധമൂലമാണ് മാലിന്യം കത്തിയതെന്നും അതൊരു അബദ്ധമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മാർക്കറ്റിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക്ക് സിമൻ്റ് ചാക്കുകളാണ് കത്തിയത്. സ്ഥലപരിമിതി മൂലം ജൈവവേസ്റ്റുകൾ മിതമായി സമീപത്ത് കത്തിക്കാറുണ്ടായിരുന്നു. ഇതിനിടയിൽ സമീപത്ത് സൂക്ഷിച്ചിരുന്നതായ സിമൻ്റ് ചാക്കുകളിൽ തീപടരുകയായിരുന്നെന്നും. തെറ്റായ സന്ദേശം പ്രചരിപ്പിക്കരുതെന്നും വാർഡ് മെമ്പർ അനിൽ കുമാർ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.

Post a Comment

0 Comments