ചെന്നൈ : കൊലക്കേസ് പ്രതികളായ രണ്ട് ഗുണ്ടകളെ തമിഴ്നാട് പൊലീസ് വെടിവെച്ചു കൊന്നു. പത്തോളം കൊലക്കേസുകളിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്.
കൊല്ലപ്പെട്ട വിനോദ് പത്തും രമേശ് അഞ്ചും കൊലക്കേസുകളിൽ പ്രതിയാണ്. തങ്ങളെ ആക്രമിച്ച പ്രതികളെ പ്രാണരക്ഷാർത്ഥം വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് വാദം.
വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘത്തോട് വാഹനം പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്നവർ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിച്ചു. നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ പ്രാണരക്ഷാർത്ഥം വെടിവെക്കേണ്ടി വന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായിരുന്നവരിൽ രണ്ട് പേർ ഓടിരക്ഷപ്പെട്ടു.

0 Comments