മാലിന്യ ശേഖരണത്തിലും നൂറു ശതമാനം യൂസര്‍ ഫീ പിരിക്കുന്നതിലും ജില്ലയില്‍ ഒന്നാമതെത്തി തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ 5-ാം വാര്‍ഡിലെ ഹരിതകര്‍മ സേന. സമയബന്ധിതമായി വീടുകളിലെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനാല്‍ വാര്‍ഡില്‍ ഉള്‍പ്പെട്ട വീട്ടുകാര്‍ക്ക് യൂസര്‍ ഫീ നല്‍കാനും മടിയില്ല. 577 വീടുകളില്‍ നിന്നും 33 വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമായി 32150 രൂപയാണ് യൂസര്‍ ഫീ ഇനത്തില്‍ ലഭിച്ചത്. ഡി എല്‍, പി ഡി എല്‍ കുടിശ്ശികകള്‍ ഇല്ലാതെ നൂറു ശതമാനം തുക ലഭിക്കുന്ന ജില്ലയിലെ ആദ്യ വാര്‍ഡാണിത്. ബാല, സുനിത എന്നിവരാണ് വാര്‍ഡിനെ മാലിന്യമുക്തമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നത്. ജനസാന്ദ്രത വളരെ കൂടുതലുള്ള വാര്‍ഡായതിനാല്‍ ശാസ്ത്രീയമായ മാലിന്യ ശേഖരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാട്ടുകാരില്‍ നടത്തിയ ബോധവത്ക്കരണത്തിന്റെ വിജയമാണ് ഹരിതകര്‍മ സേനയോടും പഞ്ചായത്ത് ഭരണസമിതിയോടും പൂര്‍ണമായി സഹകരിക്കാന്‍ വാര്‍ഡിലെ കുടുംബങ്ങളെ പ്രേരിപ്പിച്ചത്. വാര്‍ഡ് മെമ്പറും തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനുമായ അജ്മീന്‍ എം കരുവയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സമാന മാതൃകയില്‍ മറ്റ് വാര്‍ഡുകളിലെയും മാലിന്യശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഒരുങ്ങുകയാണ് തൃക്കരുവ ഗ്രാമപഞ്ചായത്ത് ഭരണ സമിതി.

0 Comments