banner

തനിക്കെതിരെ കള്ളക്കഥ പ്രചരിപ്പിച്ചവർ വിളിച്ചു!, അവർക്കു സംഭവിച്ച അവിവേകത്തിന് വിവേകിയായ ഞാൻ മാപ്പുനൽകുന്നു, പ്രതികരിച്ച് വഖഫ് ബോർഡ് ചെയർമാൻ

തിരുവനന്തപുരം : തന്റെ നിയമനം വിവാദമാക്കാൻ ശ്രമിച്ചവരുടെ അവിവേകത്തിന് മാപ്പു നൽകുന്നുവെന്നും അത്തരക്കാർ ഇപ്പോൾ തന്നെ വിളിച്ച് മാപ്പ് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റ പി.എസ്.സി മുൻ ചെയർമാൻ കൂടിയായ അഡ്വ. എം.കെ സക്കീർ പറഞ്ഞു. 

 എന്റെ നിയമനത്തിൽ സാധാരണ പൗരൻ എന്ന നിലയ്ക്കുള്ള അവകാശങ്ങളെപ്പോലും ചോദ്യംചെയ്യുന്ന സാഹചര്യമുണ്ടായി. അത് ഉണ്ടാക്കിയവർ പൊറുക്കണമെന്നാവശ്യപ്പെട്ട് എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി ഞാൻ ജീവിക്കുന്ന പ്രദേശത്തോ കുടുംബത്തിലോ അന്വേഷിക്കാതെ കള്ളക്കഥ പ്രചരിപ്പിച്ചവർക്ക് മാപ്പ് നൽകുകയാണ്. അവർക്കു സംഭവിച്ച അവിവേകത്തിന് വിവേകിയായ ഞാൻ മാപ്പുനൽകുന്നു. അവർക്ക് അവിവേകവും തെറ്റും സംഭവിച്ചെങ്കിൽ പൊറുത്തുകൊടുക്കുകയാണ് വഖഫ് ബോർഡ് ചെയർമാനെന്ന നിലയ്ക്കു ഞാൻ ചെയ്യേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തോടായി പ്രതികരിച്ചു.

 വഖഫ് ബോർഡ് സ്വത്ത് കൈയേറ്റത്തിൽ ചെറിയ മീനെന്നോ വലിയ മീനെന്നോ വ്യത്യാസമില്ലാതെ അവ തിരിച്ചുപിടിച്ച് ശക്തമായ നടപടി സ്വീകരിക്കും. കൈയേറ്റം കുറ്റകരമായ പ്രവൃത്തിയാണ്. അതിക്രമിച്ചു കൈയേറലാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

 വഖഫ് നിയമനം ബോർഡിലേക്കുള്ള സ്ഥിരനിയമനമാണ്. ഇതിനായുള്ള ചട്ടനിർമാണ പ്രക്രിയ നടക്കുകയാണ്. ആ ചട്ടങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് പി.എസ്.സിക്കു വിട്ടോ ഇല്ലയോ എന്ന കാര്യമല്ല അന്വേഷിക്കുന്നത്. മെറിറ്റുള്ളവരെ തിരഞ്ഞെടുക്കണം. ഒന്നിൽ കൂടുതൽ അപേക്ഷ വരുമ്പോൾ മത്സരപരീക്ഷ നടത്തി അതിൽ കൂടുതൽ മാർക്ക് ലഭിച്ചവർക്കു മാത്രമേ കിട്ടൂ. അങ്ങനെ മെറിറ്റ് ഓറിയന്റഡാവും കാര്യങ്ങളെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 ഒന്നര വർഷംകൂടി കാലാവധി ബാക്കിനിൽക്കെ മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി.കെ ഹംസ ചെയർമാൻ സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് അഡ്വ. എം.കെ സക്കീർ നിയമിതനായത്. വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇദ്ദേഹത്തെ സർക്കാർ നോമിനേറ്റ് ചെയ്തപ്പോൾ വിശ്വാസിയല്ലെന്ന് ചൂണ്ടിക്കാട്ടി ചില ഒറ്റപ്പെട്ട കേന്ദ്രങ്ങൾ ഇദ്ദേഹത്തിന്റെ നിയമനം വിവാദമാക്കാൻ ശ്രമിച്ചിരുന്നു.

Post a Comment

0 Comments