സ്വന്തം ലേഖകൻ
ബംഗളൂരു : സർജാപുര സോമപുരയിൽ നിർത്തിയിട്ട ആഡംബര കാറിന്റെ ചില്ല് തകർത്ത് മോഷ്ടാക്കൾ 13 ലക്ഷം രൂപ കവർന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സോമപുര സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ നിർത്തിയിട്ട കാറിലാണ് കവർച്ച നടന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ബൈക്കിലെത്തിയ രണ്ട് മോഷ്ടാക്കളിലൊരാൾ പോക്കറ്റിൽനിന്ന് ചെറിയ ആയുധംകൊണ്ട് ഡ്രൈവറുടെ സീറ്റിനരികിലെ വിൻഡോയുടെ ഗ്ലാസിൽ അമർത്തിയതോടെ ചില്ല് പൊട്ടി.
പിന്നീട് ഗ്ലാസ് അകത്തേക്ക് തള്ളി ഈ വിടവിലൂടെ യുവാവ് അകത്തേക്ക് നൂഴ്ന്നിറങ്ങി പണമടങ്ങിയ സഞ്ചി കവരുകയായിരുന്നു. ആനേക്കൽ സ്വദേശി ബാബു എന്നയാളുടെ പണമാണ് നഷ്ടപ്പെട്ടത്. സർജാപുര പൊലീസ് കേസെടുത്തു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

0 Comments