banner

കരയും കടല്‍ മാര്‍ഗവും ആക്രമണം; ഹമാസിന്റെ ഓഫീസുകളും ബങ്കറുകളും തകര്‍ത്തു; 318 പേര്‍ കൊല്ലപ്പെട്ടു; രാത്രിയിലും തിരിച്ചടിച്ച് ഇസ്രയേല്‍

ഗാസയിലേക്ക് തുടരെ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. സെന്‍ട്രല്‍ ഗാസയില്‍ ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നു. രാത്രിയിലും ആക്രമണം നിര്‍ത്താന്‍ ഇസ്രയേല്‍ തയാറായിട്ടില്ല. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 318 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹമാസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും ബങ്കറുകളും ഉള്‍പ്പെടെ തകര്‍ത്തിട്ടുണ്ട്. ഇരുപതിടങ്ങളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരമാര്‍ഗവും കടല്‍ മാര്‍ഗവും ഗാസയില്‍ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നത്. സൈനിക തലവന്‍മാരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കണ്ടിരുന്നു. അതിന് ശേഷമാണ് കരമാര്‍ഗവും കടല്‍ മാര്‍ഗവും ആക്രമണം കടുപ്പിച്ചത്.

ഇസ്രായേല്‍ പ്രധാനമന്ത്രി കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗാസയില്‍ അതിശക്തമായ ആക്രമണം അരങ്ങേറിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലില്‍ 40 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഗാസ മേഖലയില്‍ ഇസ്രയേലി വ്യോമാക്രമണത്തില്‍ 198 പേര്‍ മരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലി റെസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥര്‍ നേരത്തെ 33 മരണമാണ് സ്ഥിരീകരിച്ചത്.

ഹമാസ് ഇസ്രയേലിനെതിരെ സമീപകാലത്ത് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസ മുനമ്പില്‍നിന്ന് രണ്ടായിരത്തിലധികം റോക്കറ്റുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തെക്കന്‍ ഇസ്രയേലി നഗരമായ ബീര്‍ഷെബയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കുറഞ്ഞത് 750 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നും ഇതില്‍ നൂറോളം പേരുടെ നില അതീവഗുരുതരമാണെന്നുമാണ്.

إرسال تعليق

0 تعليقات