banner

സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 44 ആയി!, കാണാതായിരിക്കുന്നത് 142 പേരെ, തിരച്ചിൽ തുടരുന്നു

സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. നാലാം ദിവസവും തിരച്ചിൽ തുടരുമ്പോൾ 142 പേരെ കാണാനില്ലെന്ന കണക്കുകളാണ് പുറത്തു വരുന്നത്. ബം​ഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇപ്പോഴും പ്രദേശത്ത് പ്രതികൂല കാലാവസ്ഥ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

അവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെ 7000 പേരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെടുത്താനാണ് നിലവിലെ പദ്ധതി. 

ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തിയിട്ടുണ്ട്. സിക്കിമിൽ ദുരന്തമുണ്ടായ മേഖലകളിൽ മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്.

പ്രളയത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായധനമായി നാലു ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വടക്കൻ സിക്കിമിലെ സാക്കോ ചോ തടാക തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. തടാകത്തിൽ നിന്ന് വെള്ളപ്പാച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.


Post a Comment

0 Comments