banner

ഹെല്‍മറ്റ് ഇട്ടില്ലെന്ന് ആരോപിച്ച് അഞ്ഞൂറ് രൂപ പിഴ!, പിഴയിട്ട പൊലീസ് ജീപ്പിൽ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്ത് നാട്ടുകാർ, യുവാവിനും സുഹൃത്തിനും കണ്ടാലറിയാവുന്ന നാല് യുവാക്കള്‍ക്കുമെതിരെ കേസ്


സ്വന്തം ലേഖകൻ

കണ്ണൂർ : ചൊക്ലിയില്‍ നടുറോഡില്‍ പ്രദേശവാസികളായ യുവാക്കളും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം. ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയിട്ടതിനെ തുടര്‍ന്നാണ് സംഭവം.

ഇരുചക്രവാഹനം നിര്‍ത്തിയിട്ട സമയത്താണ് പോലീസ് പിഴയിട്ടതെന്നാണ് യുവാവ് പറയുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ പുല്ലൂക്കര മുക്കില്‍ പീടികയിലാണ് സംഭവം. ഹെല്‍മെറ്റിടാത്തതിന് പിഴയിട്ടതിനു പിന്നാലെ സീറ്റ് ബെല്‍റ്റിടാതെ പോലീസ് സഞ്ചരിക്കുന്നുവെന്നാരോപിച്ച്‌ പോലീസിനെ ഒരുസംഘം യുവാക്കള്‍ ചോദ്യംചെയ്തു.

ഈ സംഭവത്തില്‍ പോലീസിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ യുവാവിനും കണ്ടാലറിയാവുന്ന നാല് യുവാക്കള്‍ക്കുമെതിരെ ചൊക്ളി പോലീസ് കേസെടുത്തു. നടുറോഡില്‍ പോലീസും സംഘവും തമ്മില്‍ ഏറെനേരം വാക്കേറ്റമുണ്ടായി. പോലീസിന് നിയമം ബാധകമല്ലേയെന്ന ചോദ്യമുയര്‍ത്തി ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും ധാരാളം പ്രചരിച്ചിരുന്നു.

ചൊക്ളി പോലീസ് സബ് ഇൻസ്പെക്ടര്‍ ആര്‍.എസ്.രഞ്ചുവിനെ വാഹനം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ഗതാഗത തടസ്സം സൃഷ്ടിച്ചെന്നും പറഞ്ഞാണ് കൊച്ചിയങ്ങാടിയിലെ നന്നാറത്ത് ഹൗസില്‍ സനൂപിനെ(31) തിരെ കേസെടുത്തിരിക്കുന്നത്. സനൂപിന്റെ സുഹൃത്തിനാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസ് പിഴയിട്ടത്.

പോലീസ് വാഹനത്തില്‍ സീറ്റ് ബെല്‍റ്റിടാത്തതിനെ സനൂപ് ചോദ്യം ചെയ്യുകയായിരുന്നു.
സി.പി.എം. പ്രവര്‍ത്തകനായിരുന്ന സനൂപ് 2015 -ല്‍ പെരിങ്ങത്തൂര്‍ യത്തീംഖാനയ്ക്കടുത്ത്‌ പോലീസിനെ ആക്രമിച്ച്‌ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

إرسال تعليق

0 تعليقات