സ്വന്തം ലേഖകൻ
തിരുവനന്തപുരം : സ്വന്തം വകുപ്പിൽ
ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം നൽകാൻ ഇടപെട്ട് മന്ത്രി വി. ശിവൻകുട്ടി. കിലെയിൽ പബ്ലിസിറ്റി അസിസ്റ്റന്റായി സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി നിരന്തര ഇടപെടൽ നടത്തിയതായ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
2021 ജനുവരി നാലിനാണ് സൂര്യ ഹേമൻ ദിവസ വേതനക്കാരിയായി തിരുവനന്തപുരത്തെ കിലെയിൽ എത്തിയത്. ഒരുവർഷം പൂർത്തിയാകുമ്പോഴേക്കും കരാർ നിയമനമായി. രണ്ടരമാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കിലെയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ തൊഴിൽവകുപ്പിന് കത്ത് നൽകി. എന്നാൽ സർക്കാരിന്റെ മുൻകൂർ അനുവാദമില്ലാതെയുള്ള നടപടി അംഗീകരിക്കാനാകില്ലെന്നാണ് വകുപ്പ് മറുപടി നൽകിയത്. തുടർന്ന് മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ അപേക്ഷ ധനവകുപ്പിലേക്കെത്തി. ജൂലൈ ഏഴിന് നടപടി സാധൂകരിക്കാൻ കഴിയില്ലെന്നും സൂര്യ ഹേമനെ പിരിച്ചുവിടണമെന്നും ധനവകുപ്പ് മറുപടി നൽകി.
താൽക്കാലിക ജീവനക്കാരെ
നിയമിക്കുമ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കണമെന്നാണ് ചട്ടം. ഈ ചട്ടം നിലനിൽക്കേയാണ് മന്ത്രി വേണ്ടപ്പെട്ടവരെ നിയമിച്ചത്. ഇനി ഇത് മറികടക്കരുതെന്ന നിർദേശത്തോടെ ധനവകുപ്പ് സൂര്യഹേമന്റെ നിയമനം സാധൂകരിക്കുകയായിരുന്നു. തുടർന്ന് 29,535 രൂപ പ്രതിഫല നിരക്കിൽ പബ്ലിസിറ്റി അസിസ്റ്റന്റായി നിയമിച്ചു. എന്നാൽ നിയമനം സ്ഥിരമല്ലെന്നും കരാർ അടിസ്ഥാനത്തിൽ മാത്രമാണെന്നുമാണ് കിലെ ചെയർമാൻ നൽകുന്ന വിശദീകരണം.
0 تعليقات