സ്വന്തം ലേഖകൻ
വളപട്ടണം (കണ്ണൂർ) : മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് പ്രദേശവാസിയുടെ അഭ്യാസ പ്രകടനം. കണ്ണൂർ വളപട്ടണത്താണ് സംഭവം. ഇന്നലെ രാത്രി വളപട്ടണം ടോൾ ബൂത്തിനടുത്തുള്ള പെട്രോൾ പമ്പിനു സമീപത്തെ റോഡിലാണ് മദ്യപൻ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ‘അഭ്യാസം’ കാട്ടിയത്. മദ്യലഹരിയിലായിരുന്ന ചന്ദ്രൻ എന്നയാളാണ് പെരുമ്പാമ്പിനെ എടുത്ത് തോളിലിട്ടത്.
പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കാൻ തുടങ്ങിയതോടെ ഇയാൾ നിലതെറ്റി താഴെ വീണു. സംഭവം ശ്രദ്ധയിൽപ്പെട്ട പെട്രോൾ പമ്പ് ജീവനക്കാരൻ പാമ്പിനെ എടുത്തുമാറ്റി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. പാമ്പ് തൊട്ടടുത്തുള്ള പറമ്പിലേക്ക് ഇഴഞ്ഞു പോയി. പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിയെങ്കിലും ചന്ദ്രന് പരുക്കില്ലെന്നാണ് വിവരം.
ഫോട്ടോ എടുത്തു തരുമോ എന്ന് ചോദിച്ചാണ് ഇയാൾ പെരുമ്പാമ്പിനെയും കയ്യിൽപ്പിടിച്ച് വന്നതെന്ന് പമ്പ് ജീവനക്കാരൻ പറഞ്ഞു. പിന്നീട് പെരുമ്പാമ്പിനെ കഴുത്തിലിട്ടു. കഴുത്തിൽ ചുറ്റുന്നുണ്ടെന്നു പറഞ്ഞപ്പോഴും ഇയാൾ പാമ്പിനെ വിടാൻ തയാറായില്ല. ഉടൻ തന്നെ ചാക്കെടുത്തു കൊണ്ടുവന്ന് പാമ്പിന്റെ വാലിൽ പിടിച്ച് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും പമ്പ് ജീവനക്കാരൻ വിശദീകരിച്ചു. വളപട്ടണം പുഴയ്ക്കു സമീപം ഇതിനു മുൻപും പെരുമ്പാമ്പിനെ കണ്ടതായി നാട്ടുകാർ പറഞ്ഞു.

0 Comments