കൊല്ലം : നഗര ഹൃദയത്തിൽ ക്ലോക്ക് ടവറിനു സമീപമുള്ള നടപ്പാതയിൽ അറവു മാലിന്യങ്ങൾ. കഴിഞ്ഞ 15ാം തീയതി രാത്രിയിലാണ് സംഭവം. വഴിയാത്രക്കാരനായ യുവാവ് നടന്നുപോകുമ്പോൾ വഴിയരികിൽ തെരുവുനായ്ക്കൾ കൂട്ടം കൂടി എന്തോ ഭക്ഷിക്കുന്നത് ശ്രദ്ധിച്ചതോടെയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും പോലീസ് സേനയുടെയും ഗുരുതരവീഴ്ച പുറത്തുവന്നത്. രാത്രി 10 മണി വരെയും വഴിയോരക്കച്ചവടക്കാർ ഉള്ള സ്ഥലത്താണ് രാത്രിയുടെ മഴവിൽ ആരോ അറവുമാലിന്യങ്ങൾ ഇവിടെ നിക്ഷേപിച്ചത്.
മിനിറ്റുകൾ ഇടവിട്ട് പോലീസിൻറെ പെട്രോളിംഗ് ഉള്ള പ്രദേശമായിട്ടു പോലും മൂക്കിന് തുമ്പത്ത് ഇറച്ചിക്കോഴി വേസ്റ്റ് തള്ളിയിട്ടു പോയ വിരുതനെ പിടികൂടാൻ പോലീസിനും കഴിഞ്ഞിട്ടില്ല. സമീപത്തെ ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ, നഗര ഹൃദയത്തിൽ അശുദ്ധി വരുത്തിയ ഒന്നോ ഒന്നിലധികം പേരെയോ കണ്ടെത്താനാകും എന്നാണ് വിവരം. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് കോർപ്പറേഷൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നഗര പരിസരത്തെ അറവുമാലിന്യ തള്ളലിനെങ്കിലും ഒരറുതി വരുത്തുമോ എന്നാണ് വ്യാപാരി വ്യവസായികളുടെയും വഴിയാത്രക്കാരുടെയും ചോദ്യം.

0 Comments