സ്വന്തം ലേഖകൻ
പത്തനംതിട്ട : ഇൻഡോറില്‍ പഠനയാത്ര പോയ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ മരണത്തില്‍ ദൂരുഹതയെന്ന് ഇംഗ്ലീഷ് പത്രം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് പരുക്കുണ്ടെന്നും ആമാശയത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നും ഇൻഡോര്‍ പൊലീസ് പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്തനംതിട്ട നഗരസഭാ സെക്രട്ടറിയായിരുന്ന ഇടുക്കി മൂലമറ്റം അറക്കുളം 12-ാം മൈല്‍ കടുകുംമാക്കല്‍ വീട്ടില്‍ കെ.കെ. സജിത്ത് കുമാറിനെ(45) ഇൻഡോറിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെ എട്ടിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നപ്പോള്‍ ഉടൻ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇൻഡോര്‍ നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജനം പഠിക്കാൻ പോയത് 33 അംഗ കേരള സംഘമാണ്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആമാശയത്തില്‍ മദ്യത്തിന്റെ സാന്നിധ്യവും തലയക്ക് പരുക്കുകളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് കനാഡിയ പൊലീസ് സ്റ്റേഷൻ ഇൻ ചാര്‍ജ് കെ.പി. യാദവ് പറഞ്ഞുവെന്നാണ് ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്തരികാവയങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി സജിത്ത് ബാല്‍ക്കണിയില്‍ വീണുവെന്നും താൻ എടുത്തു കൊണ്ടു വന്ന് റൂമില്‍ കിടത്തിയെന്നുമാണ് സജിത്തിനൊപ്പം റുമിലുണ്ടായിരുന്നയാള്‍ പറയുന്നത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ വിളിച്ചുണര്‍ത്താൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തലേന്ന് വൈകിട്ട് സജിത്ത് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഐ.എം.സി അഡീഷണല്‍ കമ്മിഷണര്‍ സിദ്ധാര്‍ഥ് ജെയിനും പറയുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നാട്ടിലെത്തിച്ച മൃതദേഹം എംബാം ചെയ്ത പെട്ടിയില്‍ നിന്ന് പുറത്തെടുക്കുമ്ബോഴാണ് പരുക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
തൊടുപുഴ മുനിസിപ്പല്‍ വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പരുക്കുകള്‍ കണ്ടതോടെ ദഹിപ്പിക്കാനുള്ള തീരുമാനം മാറ്റി സംസ്‌കരിക്കുകയാണുണ്ടായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ശരീരത്ത് കണ്ട പരുക്കുകളുടെയും അടിസ്ഥാനത്തില്‍ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട നഗരസഭ പരാതി നല്‍കാനൊരുങ്ങുകയാണ്. ഇൻഡോറിലുള്ള കേരളാ സംഘത്തില്‍ ചിലരോട് പൊലീസ് അവിടെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)
0 Comments