banner

കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ!, നഗരങ്ങളിലും വെള്ളം തങ്ങി നില്ക്കുന്ന അവസ്ഥ, പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തലസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ അതി ശക്തമഴയായിരുന്നു. നഗരങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ടെക്നോപാർക്ക് ഫെയ്സ് 3യ്ക്ക് സമീപമുള്ള വീടുകളിൽ വെള്ളം കയറി. പുലർച്ചയോടെ ഇവിടുത്തെ 3 കുടുംബങ്ങളെ ഫയർഫോഴ്സ് വാട്ടർ ഡിങ്കിയിൽ മാറ്റി.

പോത്തൻകോട് കരൂരിൽ 7 വീടുകളിലാണ് വെള്ളം കയറിയത്. കഴക്കൂട്ടം കുളത്തൂർ പൗണ്ട് കടവിൽ നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. തെറ്റിയാർ കരകവിഞ്ഞ് ഒഴുകിയതോടെ സർവീസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ടെക്നോപാർക്കിലേക്കുള്ള ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ സർവീസ് റോഡ് വഴിയുള്ള ഗതാഗതം നിർത്തിവച്ചു.

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 10 സെ.മി ഉയർത്തി. നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ 70 സെ.മി കൂടി ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വെള്ളായണിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പതിനഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. മലയോരമേഖലയിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

തെക്കൻ തമിഴ്നാട് തീരത്തും കേരളതീരത്തും ഉയർന്ന തിരമാലയ്‌ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Post a Comment

0 Comments