സ്വന്തം ലേഖകൻ
പാലക്കാട് : ചാര്‍ജ് ചെയ്യാൻ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മുറി കത്തി. പാലക്കാട് പൊല്‍പ്പുള്ളി വേര്‍കോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്.
തലനാരിഴയ്ക്കാണ് യുവാവ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്കു മുൻപു സുഹൃത്ത് വാങ്ങിയ മൊബൈല്‍ ഫോണ്‍ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു. പനിയായി മുറിയില്‍ കിടക്കുകയായിരുന്നു ഷാജു. മകൻ ഫോണ്‍ ചാര്‍ജ് ചെയ്യാൻ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണര്‍ന്ന ഷാജു മകനു പിന്നാലെ മുറിയില്‍ നിന്ന് പുറത്തേക്ക് പോയി.
അല്‍പസമയത്തിനു ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതില്‍ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടര്‍ന്നതു കണ്ടത്. ഇലക്‌ട്രിഷ്യനായ ഷാജു ഉടൻതന്നെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു. തുടര്‍ന്നു മോട്ടര്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോണ്‍ കിടക്കയിലേക്കു വീണതോടെയാണു തീപടര്‍ന്നത്. കിടക്ക, കട്ടില്‍, ഹോം തിയറ്റര്‍, അലമാര, ടിവി തുടങ്ങിയവയെല്ലാം കത്തി നശിച്ചു.

0 Comments