ടെല്‍ അവീവ് : ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,200 കടന്നു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 450 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
ഗസ്സയിലെ 800 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് സൂചന. നൂറിലേറെ ഇസ്രയേല്‍ പൗരന്മാരെ ബന്ദികളാക്കിയെന്ന് ഹമാസും അറിയിച്ചു. കൂടാതെ, 30 ഇസ്രയേല്‍ പൗരന്മാര്‍ തങ്ങളുടെ പിടിയിലുണ്ടെന്നാണ് ഇസ്ലാമിക് ജിഹാദ് അവകാശപ്പെടുന്നത്.
ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള ഫലസ്തീൻ പൗരന്മാരെ വിടണമെന്നാണ് അവരുടെ ആവശ്യം.
ഇസ്രയേലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും ഇസ്രയേല്‍ ഭാഗത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു.
ഇതും വരാനിരിക്കുന്ന രക്തരൂക്ഷിത യുദ്ധത്തിന്റെ സൂചനയാണ്.
ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നല്‍കി തുടങ്ങിയെന്ന് ബൈഡൻ അറിയിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും.
ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡൻ പറഞ്ഞു.
അതിനിടെ ഇസ്രയേലിനെതിരായ ആക്രമണങ്ങളെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തു വന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ലോകരാജ്യങ്ങള്‍ ഒരുമ്മിച്ച് നില്‍ക്കണമെന്നും യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു.
റോക്കറ്റാക്രമണത്തില്‍ നൂറ് കണക്കിനാളുകള്‍ മരിക്കുകയും ആയിരങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തെക്കൻ ഇസ്രയേലിലെ സെദ്രോത്ത് പട്ടണത്തില്‍ കയറിയ ഹമാസ് പട്ടാളക്കാരെയും ജനങ്ങളെയും ആക്രമിച്ചു. സ്ത്രീകളെ നഗ്‌നരാക്കി ക്രൂരമായി മര്‍ദിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലിന്റെ ഏഴു പ്രദേശങ്ങള്‍ ഹമാസ് പിടിച്ചെടുത്തെന്നും നിരവധി ഇസ്രേലികളെ തടവുകാരായി കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

0 Comments