കൊല്ലം : മറ്റുള്ളവരോട് പുഞ്ചിരിക്കുന്നത് പോലും സൽപ്രവൃത്തിയാണ് സൽപ്രവർത്തിയാണെന്ന് പഠിപ്പിച്ച പ്രവാചക തിരുമേനിയുടെ 1497 ജന്മദിനവുമായി ബന്ധപ്പെട്ട് പള്ളിമുക്കിലെ നബിദിനാഘോഷത്തിന്റെ ഭാഗമായുളള അന്നദാനം ഇന്നലെ സമുചിതമായി നടത്തപ്പെട്ടു.
കൊല്ലൂർവിള ജുമാമസ്ജിദിന്റെയും പള്ളിമുക്ക് പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കഴിഞ്ഞ 21 വർഷങ്ങളായി ഇവിടെ അന്നദാനം നടത്തിവരുന്നത്. നാനാ ജാതി മതസ്ഥരും പങ്കെടുക്കുന്ന വിപുലമായ ആഘോഷ പരിപാടികളോടെയാണ് എല്ലാ കൊല്ലവും ഇവിടെ നബിദിന ആഘോഷവും അനുബന്ധിച്ചുള്ള അന്നദാനവും നടന്നുവരാറുള്ളത്.
പ്രധാന പാതയുടെ വഴിയരികിൽ 92 ചെമ്പുകളിലായി ഏകദേശം 3500 കിലോയോളം അരി ഉപയോഗിച്ചാണ് അന്നദാനത്തിനായി നെയ്ച്ചോർ ഉണ്ടാക്കുന്നത്. തലേദിവസം രാത്രിയോടെ ആരംഭിക്കുന്ന പാചക പരിപാടികൾ പിറ്റേന്ന് രാവിലെ മാത്രമാണ് പൂർത്തിയാവുക.
ശേഷം അന്നം പ്രതീക്ഷിക്കുന്ന പതിനായിരക്കണക്കിനാളുകൾക്ക് ഒരു പൊരുത്തക്കേടിനും ഇടവരുത്താതെ സംഘാടകസംഘം ശരിയായ രീതിയിൽ വിതരണം ചെയ്യുകയാണ് പതിവ്. ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ കലഹങ്ങളും കലാപങ്ങളും സൃഷ്ടിക്കപ്പെടുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്.
കേരളത്തിൽ ഇക്കാര്യത്തിൽ ഇളവുണ്ടെങ്കിലും നമ്മുടെ വരുന്ന തലമുറയ്ക്കും നാനാ ലോകർക്കും മാതൃകയാണ് പള്ളിമുക്കിലെ ഈ മതസൗഹാർദ്ദ നബിദിന കാഴ്ചയെന്ന് പറയാതെ വയ്യ.
0 تعليقات