കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷൻ പ്രീ പെയ്ഡ് കൗണ്ടർ ബഹിഷ്കരണം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. പ്രീപെയ്ഡ് സംവിധാനം തികച്ചും അശാസ്ത്രീയമായാണ് പ്രവർത്തിക്കുന്നതെന്നാരോപിച്ചാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ പണിമുടക്കുന്നത്. 2018-19 ലെ നിരക്കാണ് ഇപ്പോഴും പ്രദർശിപ്പിച്ചിരിക്കുന്നത് തെറ്റിയതാകാം എന്ന് കരുതി അധികൃതരോട് ചൂണ്ടിക്കാട്ടിയപ്പോൾ ഈ നിരക്കിൽ ഓടിയാൽ മതിയെന്നാണ് ട്രാഫിക്ക് ഉദ്യോഗസ്ഥർ മറുപടി നൽകുന്നതെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു. സാധാരണ ഓട്ടോറിക്ഷകൾ 30 രൂപയ്ക്ക് ഓടുന്ന ഓട്ടം 25 രൂപയിലും താഴെ മാത്രം വാങ്ങി ഓടാൻ ആർക്കാണ് കഴിയുകയെന്നും ഓട്ടോറിക്ഷാ തൊഴിലാളികൾ ചോദിക്കുന്നു.
രാത്രിയും പകലുമെല്ലാം മുന്കൂട്ടി നിശ്ചയിച്ച തുകയില് യാത്രക്കാര്ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കിയിരുന്ന റെയിൽവേ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ ഏറെ ആവശ്യങ്ങൾക്കൊടുവിലും തുറക്കാതെ വന്നതോടെ താലൂക്ക് ലീഗൽ അതോറിറ്റി ഇടപെട്ടാണ് തുറപ്പിച്ചത്. എന്നാൽ തങ്ങൾക്ക് എന്തോ അരുതാത്തത് ഏല്പിച്ചു കിട്ടിയ മട്ടിലാണ് ജില്ലാ ട്രാഫിക്ക് പോലീസ്. താലൂക്ക് ലീഗൽ അതോറിറ്റിയുടെ നിർദ്ദേശം ലഭിച്ചിട്ടും ഗൗനിക്കാതെ ദിവസങ്ങളോളം നടപടി നീട്ടിക്കൊണ്ടുപോയത് ഈ വിഷയത്തെ സാധൂകരിക്കുന്നു. ഒടുവിൽ അനങ്ങാപ്പാറ നയം വാർത്തയായതോടെയാണ് ട്രാഫിക് പൊലീസ് പ്രവർത്തനം ആരംഭിച്ചത്. അതിപ്പോൾ ഇരട്ടി തലവേദനയായി. തങ്ങളുടെ ഉത്തരവാദിത്വമല്ല കൗണ്ടറെന്ന് ഇപ്പോൾ ട്രാഫിക്ക് അധിക്യതർ വാദിക്കുന്നെങ്കിലും മുൻ കാലങ്ങളിൽ പ്രീ പെയ്ഡ് കൗണ്ടറുകളിൽ ബില്ലിങ് സ്റ്റാഫിനെ നിയമിച്ചിരുന്നത് ട്രാഫിക് പൊലീസ് ആയിരുന്നു. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ട്രേഡ് യൂണിയന് പ്രതിനിധികളും അടങ്ങിയ സമിതി ദൂരപരിധിയും യാത്രാക്കൂലിയും പരിഷ്കരിച്ച് കൗണ്ടർ തുറക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. വരുന്ന 10 ആം തീയതി ചൊവ്വാഴ്ച മേയർ, ജില്ല കളക്ടർ, പോലീസ് മേധാവി തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു.
സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനകളുടെ പ്രസ്താവന ഇങ്ങനെ...
പ്രീ പെയ്ഡിനെ ഞങ്ങൾ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. അപാകതകൾ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോവുക .
കൊല്ലം റെയിൽവേ സ്റ്റേഷൻ പ്രീ പെയ്ഡ് ഓട്ടോറിക്ഷ തൊഴിലാളികൾ കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്. 2018ലെ കൊറോണക്ക് മുമ്പുണ്ടായിരുന്ന ചാർജില് റെയിൽവേ സ്റ്റേഷൻ തൊഴിലാളികൾ വണ്ടി ഓടണമെന്നാണ് ട്രാഫിക് പോലീസിന്റെ തീരുമാനം.ആ ചാർജിൽ വണ്ടി ഓടുമ്പോൾ തൊഴിലാളികൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ ഒരുപാട് ആണ്. അവർ കാലാകാലങ്ങളിൽ ഞങ്ങൾക്ക് തന്നു കൊണ്ടിരുന്ന മീറ്ററും മീറ്റിൽ കാണുന്ന 25% ആണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഏകദേശം 4999 ഓട്ടോറിക്ഷകൾക്ക് ആണ് കെ സി പെർമിറ്റ് ഉള്ളത് .എന്നാൽ അനധികൃതമായി ഓടുന്ന 30,000 ഓട്ടോറിക്ഷകൾ കൊല്ലം സിറ്റിക്കകത്ത് ഓടുന്നുണ്ട്.ഏകദേശം നാല് നാലര കിലോമീറ്റർ ചുറ്റുമുള്ള ഈ കൊല്ലം സിറ്റിയിൽ റെയിൽവേ സ്റ്റേഷന് പുറത്ത് ഓടുന്ന ഓട്ടോറിക്ഷകൾ വാങ്ങുന്നതിൽ കുറച്ചു ചാർജ് ആണ് റെയിൽവേ സ്റ്റേഷൻ പ്രീപെയ്ഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ഇതുവരെയും ഈടാക്കി കൊണ്ടിരുന്നത് എന്നാൽ ഇപ്പോഴത്തെ ഡീസലിന്റെയും പെട്രോളിന്റെയും വിലവർധനവും ഓട്ടോറിക്ഷയുടെ സ്പെയർപാർട്സിന്റെ വിലവർധനവും ഒക്കെ തന്നെ അധികമായതിനാൽ മീറ്റർ പൈസയിൽ ഓടുന്ന ഒരു ഓട്ടോറിക്ഷ തൊഴിലാളിക്ക് തന്റെ കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ഏറെ പ്രയാസമാണ്. കാലാകാലങ്ങളിൽ തന്നുകൊണ്ടിരിക്കുന്ന മീറ്ററും മീറ്ററിന് 25 ശതമാനവും അത് ഞങ്ങൾക്ക് കിട്ടണമെന്നാണ് ഞങ്ങളുടെ ആവശ്യം. അതിനുപുറമെ അനധികൃതമായി ഓടുന്നഓട്ടോറിക്ഷകൾ ഈ കൊല്ലം സിറ്റിയിൽ നിന്നും ഒഴിവാക്കേണ്ട നടപടിയും സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ഈ റെയിൽവേ സ്റ്റേഷൻ പ്രീപെയ്ഡിൽ ആദ്യം പ്രീപെയ്ഡ് തുടങ്ങിയ സമയത്ത് ഒരു രൂപയായിരുന്നു പാസഞ്ചറിന്റെ കയ്യിൽ നിന്നും സർവീസ് ചാർജ്ജായി ഈടാക്കിയിരുന്നത്. അതിനുശേഷം അത് രണ്ടു രൂപയായി വർദ്ധിപ്പിച്ചു .ഈ രണ്ടു രൂപയായി വർദ്ധിപ്പിക്കുന്ന സമയത്ത് ഒരു രൂപ ഇവിടുത്തെ തൊഴിലാളിയുടെ ക്ഷേമ പ്രവർത്തനത്തിനായി നീക്കിവെക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ നാളിതുവരെ ആയിട്ടും ഈ ഒരു രൂപ ഇവിടുത്തെ തൊഴിലാളിക്ക് നൽകുകയോ ക്ഷേമ പ്രവർത്തനത്തിനായി വിനിയോഗിക്കുകയോ ചെയ്തിട്ടില്ല. ട്രാഫിക് പോലീസിന്റെ അടുത്ത് ഈ ഒരു രൂപയുടെ കണക്ക് ഞങ്ങൾ ചോദിച്ചപ്പോൾ ഇവിടുത്തെ ഇവിടെ ഇരിക്കുന്ന വാർഡൻ മാർക്ക് ശമ്പളം കൊടുത്തു എന്നാണ് അവരുടെ അവകാശവാദം. ഏകദേശം 8 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇവിടെ നിന്നും അടിച്ചു പോയിട്ടുള്ളത് .ആ എട്ടു ലക്ഷം ടിക്കറ്റുകൾ അടിച്ചു പോകുമ്പോൾ 16 ലക്ഷം രൂപ ട്രാഫിക് പോലീസിന്റെ കയ്യിൽ എത്തേണ്ടതാണ്. അതിൽ ഒരു രൂപ വെച്ച് ഏകദേശം എട്ട് ലക്ഷത്തോളം രൂപ ഇവിടുത്തെ തൊഴിലാളിക്ക് കിട്ടാനുള്ളതാണ്. ഒരു വാർഡന് ശമ്പളം മാസം 7500 രൂപയാണ് . ശമ്പളം രണ്ടു വാർഡൻ മാർക്ക് ശമ്പളം 15,000 രൂപ ശമ്പളവും കറണ്ട് ചാർജ് ഉൾപ്പെടെ ഏകദേശം ഒരു 20000 രൂപ നീക്കി വെച്ചാൽ പോലും ദിവസം 2000 രൂപയിൽ പുറത്ത് കളക്ഷൻ ഉള്ള ഈ റെയിൽവേ സ്റ്റേഷൻ പ്രീപെയ്ഡിൽ നിന്നും മാസം ഏകദേശം 60,000 രൂപയോളം വരുമാനം പോലീസിന് കിട്ടുന്നുണ്ട്. ഈ അറുപതിനായിരം രൂപയിൽ ഇരുപതിനായിരം രൂപ അവർക്ക് മാറ്റിവെക്കുമ്പോൾ ബാക്കിവരുന്ന 40000 രൂപയിൽ 20000 രൂപ ഇവിടത്തെ തൊഴിലാളിക്ക് അവകാശപ്പെട്ടതാണ് ആ 20,000 രൂപ അല്ലെങ്കിൽ ആ നാൽപ്പതിനായിരം രൂപയുടെ കണക്ക് ഇതുവരെ ട്രാഫിക് പോലീസ് ആരെയും ബോധ്യപ്പെടുത്തിയിട്ടില്ല. ഈ പൈസ എങ്ങോട്ട് പോയെന്ന് ഇവിടെ ഉള്ള ഒരു തൊഴിലാളികൾക്കോ, മേൽ അധികാരികൾക്കോ അറിയില്ല .ഞങ്ങൾ ആ പൈസ ഒന്നും അവരോട് ആവശ്യപ്പെട്ടിട്ടില്ലായിരുന്നു കഴിഞ്ഞ കൊറോണ കാലത്ത് അന്നത്തെ എസ്ഐ ആയിരുന്ന പ്രദീപ് സാറിന്റെ അടുത്ത് ഒരു അഞ്ചു കിലോ അരി ഞങ്ങടെ തൊഴിലാളികൾക്ക് വാങ്ങിച്ചു കൊടുക്കാൻ ഈ റെയിൽവേ സ്റ്റേഷനിലെ കൺവീനർമാർ അടക്കമുള്ള ആൾക്കാർ അവിടെ സംസാരിച്ചപ്പോൾ നികൃഷ്ട ജീവികളെ പോലെ ഞങ്ങളെ അവിടുന്ന് ആട്ടിറക്കി വിടുകയാണ് ഉണ്ടായത്. കൊറോണ കാലത്ത് ഒരു കിറ്റ് പോലും തരാതെ ഞങ്ങളെ ഇത്രയും കഷ്ടത്തിലും ദുരിതത്തിലും ആക്കിയതിനു ശേഷവും വീണ്ടും ഈ തന്നുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ തരാതെ മീറ്റർ ചാർജിൽ ഓടണമെന്നാണ് അവർ നിർദ്ദേശിക്കുന്നത്. ഈ മീറ്റർ ചാർജിൽ ഓടുമ്പോൾ ഞങ്ങൾക്ക് ഒരു കുടുംബം മുന്നോട്ടുകൊണ്ടുപോവാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. ലോങ്ങ് ട്രിപ്പ് ഓട്ടങ്ങൾ പോകാറുണ്ട് പോകുമ്പോൾ സാധാരണ വെളിയിലുള്ള ഓട്ടോ അപ്പ് ആൻഡ് ഡൗൺ പൈസയാണ് അവർ ഈടാക്കുന്നത്. കിലോമീറ്റർ 30 രൂപ വെച്ച് ഈടാക്കുന്നുണ്ട്. ഒന്നര ചാർജ് ഞങ്ങൾക്ക് വാങ്ങിക്കാനുള്ള അവകാശം അവര് തരുന്നുള്ളൂ 25 രൂപ അതായത് 30 രൂപയിൽ നിന്നും 25 രൂപയാക്കി കുറച്ചു ഓടാനും ഞങ്ങൾ തയ്യാറാണ് പക്ഷേ അതുപോലും അവർ ഞങ്ങൾക്ക് തരുന്നില്ല.. സാധാരണക്കാരിൽ സാധാരണക്കാരായ ഞങ്ങൾ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഞങ്ങൾക്ക് വേണ്ടുന്ന ആനുകൂല്യങ്ങൾ തന്ന് ഞങ്ങളെ സഹായിക്കണമെന്നാണ് ഞങ്ങൾക്ക് അധികാരികളോട് പറയാനുള്ളത്
0 تعليقات