പീരുമേട് : കുമളി ഡിപ്പോയില്‍നിന്ന് കോട്ടയം-കുമളി റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ഓര്‍ഡിനറി ബസുകള്‍ നിലച്ചതോടെ യാത്രക്കാർ ദുരിതത്തിൽ. കോവിഡിന് ശേഷം അഞ്ച് ഓര്‍ഡിനറി സര്‍വിസാണ് പുനരാരംഭിച്ചത്. എന്നാൽ ഇതില്‍ നാലെണ്ണം മാസങ്ങളായി ഓടുന്നില്ല.
രാവിലെ 5.30ന്‍റെ ചങ്ങനാശ്ശേരി, 6.40, 7.10, 8.10 സമയങ്ങളിലുള്ള കോട്ടയം എന്നീ സര്‍വിസുകളാണ് നിലച്ചത്. ഓര്‍ഡിനറി ബസുകള്‍ നിലച്ചതോടെ വിദ്യാര്‍ഥികളും സാധാരരണക്കാരും ബുദ്ധിമുട്ടുകയാണ്. നിലവില്‍ ഫാസ്റ്റ് ബസുകളില്‍ അധികകൂലി നല്‍കിയാണ് ഇവർ സഞ്ചരിക്കുന്നത്. കോവിഡിന് മുമ്പ് 30 മിനിറ്റ് ഇടവിട്ട് സര്‍വിസ് നടത്തിയിരുന്ന ബസ്സുകളാണ് നിലച്ചത്.
ചില സ്വകാര്യ ബസുകള്‍ക്ക് മുന്നിലുള്ള ഓര്‍ഡിനറി, ഫാസ്റ്റ് സര്‍വിസുകള്‍ മുടങ്ങുന്നതായും ആരോപണം ഉയരുന്നുണ്ട്. സര്‍വിസുകള്‍ മുടങ്ങുന്നതിനാല്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടിയും ലഭിക്കുന്നില്ല. കഴിഞ്ഞമാസവും താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിച്ചതിനാൽ ജീവനക്കാരുടെ അപര്യാപ്തയുമില്ല. ബസുകള്‍ കുറവുള്ളപ്പോള്‍ ഡിപ്പോ പൂളില്‍നിന്ന് ബസ് എത്തിച്ച് സര്‍വിസ് നടത്താമെന്നിരിക്കെ ഇതിനും നടപടിയില്ല.
ദേശീയപാതയില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ 220 കിലോമീറ്റര്‍ ഓടുമ്പോള്‍ 12,000 രൂപയില്‍ അധികം വരുമാനം ലഭിക്കുന്നുണ്ട്. 60 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ഉപയോഗിക്കുന്നത്. കുമളിയില്‍നിന്ന് രാവിലെ ഏഴിന് ആനവിലാസം വഴി കട്ടപ്പനക്ക് സര്‍വിസ് നടത്തുന്ന ബസിന് 55 ലിറ്റര്‍ ഡീസലില്‍ 7000 രൂപയാണ് വരുമാനം. ഈ ബസ് രാവിലെ 6.05ന് മുണ്ടക്കയം-തൊടുപുഴ-എറണാകുളം സര്‍വിസ് നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതിനും നടപടിയില്ല.
കുമളിയില്‍നിന്ന് രാവിലെ ആറിന് കോട്ടയത്തേക്ക് ബസ് പോയതിന് ശേഷം മിക്കപ്പോഴും അടുത്ത ബസ് ഏഴിനാണ്. കെ.കെ റോഡിലെ ഓര്‍ഡിനറി സര്‍വിസുകള്‍ മാസങ്ങളായി മുടങ്ങിയിട്ടും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടാൻ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
0 تعليقات