banner

അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം!, 10 വയസ്സുകാരിയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ചത് 62കാരൻ, ആശുപത്രി ജീവനക്കാരി പോലീസിൽ അറിയിച്ചതോടെ അറസ്റ്റ്


സ്വന്തം ലേഖകൻ
കോഴിക്കോട് : അമ്മയോടൊപ്പം ആശുപത്രിയില്‍ എത്തിയ 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ അറസ്റ്റില്‍. ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദര്‍ (62) ആണ് പിടിയിലായത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു അമ്മ. ഇവര്‍ക്ക് സഹായത്തിനായി എത്തിയതായിരുന്നു പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരിയാണ് പോലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടിയുടെ അമ്മ ജോലിചെയ്യുന്നത് ഇയാളുടെ കീഴിലാണ്. അതിനാല്‍ പോലീസ് എത്തിയപ്പോള്‍ പരാതി നല്‍കാൻ പെണ്‍കുട്ടിയും അമ്മയും തയ്യാറായില്ല. വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചു.

തുടര്‍ന്ന് നഴ്സിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ഇടപെടാനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ വെള്ളിമാടുകുന്ന് ഗേള്‍സ്‌ഹോമിലേക്ക് മാറ്റാന്‍ ശിശുക്ഷേമസമിതി ഉത്തരവിട്ടു.

Post a Comment

0 Comments