banner

വായ്പകൾ നൽകുന്നത് നിയന്ത്രിച്ചത് സിപിഐഎമ്മിന്റെ പാർലമെന്ററി കമ്മിറ്റി!, രേഖപ്പെടുത്താൻ പ്രത്യേക മിനിട്സും, കരുവന്നൂർ തട്ടിപ്പ് കേസിൽ ഇഡി


സ്വന്തം ലേഖകൻ
എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വായ്പകൾ നൽകുന്നത് നിയന്ത്രിച്ചത് സിപിഐഎമ്മിന്റെ പാർലമെന്ററി കമ്മിറ്റിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 

വായ്പകൾ നൽകുന്നത് രേഖപ്പെടുത്താൻ പ്രത്യേക മിനുട്സും സൂക്ഷിച്ചിരുന്നുവെന്നും മൊഴി. ബാങ്ക് മാനേജർ ബിജു എംകെ, ബാങ്ക് സെക്രട്ടറി സുനിൽ കുമാർ എന്നിവരാണ് ഇക്കാര്യങ്ങൾ മൊഴി നൽകിയത്. സിപിഎം ഉന്നത നേതാക്കളുടെ നിർദ്ദേശ പ്രകാരം പലർക്കും ലോണ്‍ നൽകിയിട്ടുണ്ടെന്നും ഇഡി പറഞ്ഞു. അതേസമയം കരുവന്നൂർ കള്ളപ്പണ ഇടപാടിൽ ഇഡി ഇതുവരെ 35 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 

ഒന്നാം പ്രതി സതീഷ് കുമാറിന്റെ 24 സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. സതീഷ് കുമാറിന്റെയും ഭാര്യയുടെയും 46 അക്കൗണ്ടുകളും കണ്ടുകെട്ടി. ഒരു കോടിയിലേറെ രൂപയാണ് ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

സിപിഐഎം കൗൺസിലർ പിആർ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടി. മൂന്നാം പ്രതി സികെ ജിൽസിന്റെ മൂന്ന് വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്. 

സ്വത്തുക്കൾ വിറ്റഴിച്ച ശേഷം തുക തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് ബാങ്ക് വഴി നൽകാനാണ് ഇഡിയുടെ തീരുമാനം. പി സതീഷ് കുമാർ, പിപി കിരൺ, പിആർ അരവിന്ദാക്ഷൻ, സികെ ജിൽസ് എന്നിവരെയാണ് കേസിൽ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിൽ സഹകരണ വകുപ്പ് രജിസ്ട്രാർ ടിവി സുഭാഷിനെ ഇഡി ചോദ്യം ചെയ്തു. കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലനും ഇഡി ഓഫീസിലെത്തി രേഖകൾ ഹാജരാക്കി. 

അറസ്റ്റിലായ പിപി കിരണിന്റെ ബിസിനസ് പങ്കാളിയാണ് ദീപക് എന്നാണ് കണ്ടെത്തൽ. ദീപക്കിന്റെ കൊച്ചിയിലെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

Post a Comment

0 Comments