banner

സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ചു കാണരുത്; സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് ഹൈക്കോടതി


സ്വന്തം ലേഖകൻ
കൊച്ചി : സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് ഹൈക്കോടതി. വിവാഹ മോചന ഹര്‍ജി തലശ്ശേരി കുടുംബക്കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ചു കാണരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാല്‍ അഭിപ്രായപ്പെട്ടു. അമ്മയും അമ്മായിയമ്മയും പറയുന്നതു കേള്‍ക്കാൻ ഹര്‍ജിക്കാരിയോടു കുടുംബക്കോടതി നിര്‍ദശിച്ചിട്ടുണ്ടെന്നു ഭര്‍ത്താവ് ചൂണ്ടിക്കാട്ടിയപ്പോഴാണു സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നു കോടതി അഭിപ്രായപ്പെട്ടത്.

വിവാഹമോചനഹര്‍ജി തലശ്ശേരി കുടുംബക്കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ നല്‍കിയ ഹര്‍ജിയിലാണു കോടതി ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. ഹര്‍ജിക്കാരി ആദ്യം നല്‍കിയ വിവാഹമോചനഹര്‍ജി തൃശൂര്‍ കുടുംബക്കോടതി തള്ളിയിരുന്നു.

തര്‍ക്കങ്ങള്‍ മറന്ന് വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചു ജീവിക്കാൻ നിര്‍ദേശിച്ചാണു തൃശൂര്‍ കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ കുടുംബക്കോടതിയുടെ നിര്‍ദ്ദേശം പുരുഷാധിപത്യസ്വഭാവമുള്ളതാണെന്നും 2023ലെ ചിന്താഗതി ഇതല്ലെന്നും ഹൈക്കോടതി പറഞ്ഞു. കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാവുന്ന പ്രശ്‌നങ്ങളേയുള്ളുവെന്ന ഭര്‍ത്താവിന്റെ വാദവും ഹൈക്കോടതി സ്വീകരിച്ചില്ല. ഹര്‍ജിക്കാരിയും ഇതു സമ്മതിച്ചാലേ കോടതിക്ക് അനുവദിക്കാനാവൂ.

അവര്‍ക്ക് ഒരു മനസ്സുണ്ടെന്നു തിരിച്ചറിയൂ. മധ്യസ്ഥചര്‍ച്ചയ്ക്ക് അവരെ നിര്‍ബന്ധിക്കുകയാണോയെന്നും കോടതി ചോദിച്ചു. അതേസമയം കേസ് തലശ്ശേരി കോടതിയിലേക്കു മാറ്റിയാല്‍ പ്രായമായ തന്റെ അമ്മയ്ക്കു ഹാജരാകാൻ ബുദ്ധിമുട്ടാണെന്നും ഇതനുവദിക്കരുതെന്നും ഭര്‍ത്താവ് വാദിച്ചു. എന്നാല്‍ അമ്മയ്ക്കു വിഡിയോ വഴി ഹാജരാകാമെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജിക്കാരിയുടെ ആവശ്യം അനുവദിച്ചു.

Post a Comment

0 Comments