കൊച്ചി∙ ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും. വിചാരണപൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ.സോമന്‍ പ്രതിക്കു ശിക്ഷ വിധിച്ചത്. 13 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
പോക്‌സോ വകുപ്പ് ഉൾപ്പെട്ട കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ 11–ാം വാർഷികത്തിലാണ് ഇതുപ്രകാരമുള്ള ആദ്യ വധശിക്ഷ.
ശിശുദിനത്തിലാണു കോടതി വിധി പറഞ്ഞിരിക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങള്‍ പ്രതിക്കുമേല്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

0 Comments