banner

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചു!, അഞ്ചര കോടിയോളം വോട്ടർമാരാണ് ഇന്ന‍ു വിധിയെഴുതുന്നത്


സ്വന്തം ലേഖകൻ
ജയ്പൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചര കോടിയോളം വോട്ടർമാരാണ് ഇന്ന‍ു വിധിയെഴുതുന്നത്. കോൺഗ്രസിനു ഭരണത്തുടർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവകാശപ്പെട്ടു. ആകെയു‌ള്ള 200 മണ്ഡലങ്ങളിൽ കോൺഗ്രസ് 199ൽ മത്സരിക്കുന്നു. ഒരു സീറ്റ് സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിന്. ബിജെപി 200 സീറ്റിലും മത്സരിക്കുന്നു. കോൺഗ്രസ് സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായ ഗുർമീത് സിങ് കൂനറിന്റെ മരണത്തെ തുടർന്ന് ശ്രീഗംഗാനഗറിലെ കരൻപൂർ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പു മാറ്റിവച്ചു. ഡിസംബർ 3നാണ് ഫലപ്രഖ്യാപനം.

മൂന്നു പതിറ്റാണ്ടിന്റെ ചരിത്രമെടുത്താൽ ഒരു പാർട്ടിക്കും രാജസ്ഥാൻ ഭരണത്തുടർച്ച അനുവദിച്ചിട്ടില്ല. ഈ ട്രെൻഡ് മറികടക്കാൻ ഭരണകാലയളവിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും അതിന്റെ തുടർച്ചയെന്ന നിലയിൽ പ്രഖ്യാപിച്ച 7 ഗാരന്റികളും മുൻനിർത്തിയാണ് കോൺഗ്രസിന്റെ പ്രചാരണം. അതേസമയം, സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ രാജസ്ഥാനിൽ വർധിച്ചുവെന്നതാണു ബിജെപിയുടെ പ്രധാന പ്രചാരണവിഷയങ്ങളിലൊന്ന്. പുറമേ ഐക്യത്തിന്റെ മുഖമാണു പ്രദർശിപ്പിക്കുന്നതെങ്കിലും കോൺഗ്രസിലും ബിജെപിയിലും ഉൾപാർട്ടി പോരു സജീവമാണ്. കോൺഗ്രസിൽ പോര് സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും തമ്മിലാണെങ്കിൽ ബിജെപിയിൽ വസുന്ധര രാജെയും ബിജെപി കേന്ദ്രനേതൃത്വവും തമ്മിലാണ്.

കോൺഗ്രസിനെയും ബിജെപിയെയും കൂടാതെ ബിഎസ്പി (185 സീറ്റിൽ മത്സരിക്കുന്നു), എഎപി (86), രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (78), ഭാരതീയ ട്രൈബൽ പാർട്ടി (17), സിപിഎം (17) എന്നിവയാണു മത്സരരംഗത്തുള്ള മറ്റു പ്രധാന പാർട്ടികൾ. ഇവരെക്കൂടാതെ 734 സ്വതന്ത്രരുമുണ്ട്.

Post a Comment

0 Comments