സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : അഷ്ടമുടി മണലിക്കടയിൽ യുവാക്കൾ തമ്മിൽ സംഘർഷം. രണ്ട് പേർക്ക് പരിക്കുകൾ ഉള്ളതായി പോലീസ് അഷ്ടമുടി ലൈവിനോട് പറഞ്ഞു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ മറ്റൊരു യുവാവ് പോലീസുമായി ബന്ധപ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
'നിലവിൽ പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഒരാൾ പരാതിയുമായി സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരികയാണ്. പുരോഗതി കൈവരിച്ച ശേഷം ഇരു സംഘങ്ങൾക്കെതിരായുള്ള പരാതി സ്വീകരിച്ച് നടപടി എടുക്കും. തുടർ സംഘർഷ സാധ്യതകൾ അമർച്ച ചെയ്യുന്നതിനായി പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.' - പോലീസ് ഉദ്യോഗസ്ഥൻ അഷ്ടമുടി ലൈവ് ലേഖകനോട് വിശദീകരിച്ചു.
ഇന്ന് (ചൊവ്വാഴ്ച) രാത്രിയോടെയാണ് സംഭവം. കാഞ്ഞാവെളി ഭാഗത്ത് നിന്ന് വന്ന യുവാവിനെ ഒരു സംഘം മണലിക്കട ഭാഗത്ത് തടഞ്ഞു നിർത്തുകയും കവിളിൽ അടിക്കുകയുമായിരുന്നു. തുടർന്ന് വിവരമറിഞ്ഞ സുഹൃത്തുക്കൾ സംഭവം അന്വേഷിക്കാൻ എത്തി. ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിലും അടിപിടിയിലും ഇരു സംഘങ്ങൾക്കും പരിക്കേല്പക്കുകയായിരുന്നു. ഇതിൽ രണ്ട് പേർക്ക് സാരമായ പരിക്കുകളേറ്റതായി പോലീസ് പറഞ്ഞു.

0 Comments