banner

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ നിന്ന് അശോക സ്തംഭം പുറത്ത്; പകരം ധന്വന്തരി


സ്വന്തം ലേഖകൻ
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ നിന്ന് അശോക സ്തംഭം പുറത്ത്. ധന്വന്തരിയെ ഉള്‍പ്പെടുത്തി പുതിയ ലോഗോ പുറത്തിറക്കി. എന്‍എംസിയുടെ വെബ്‌സൈറ്റിലാണ് ലോഗോ മാറ്റിയിരിക്കുന്നത്. 'നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഭാരത്' എന്നും ചേര്‍ത്തിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസത്തേയും മെഡിക്കല്‍ മേഖലയേയും നിയന്ത്രിക്കുന്ന സമിതിയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. ഹിന്ദു പുരാണങ്ങളില്‍ ആരോഗ്യത്തിന്റേയും ചികിത്സയുടേയും ദൈവമായാണ് ധന്വന്തരിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേര് മാറ്റണമെന്ന ദേശീയ ഹെല്‍ത്ത് മിഷന്റെ നിര്‍ദേശത്തിന് പിന്നാലെയാണ്, ആരോഗ്യ മേഖലയില്‍ മറ്റൊരു പേരു മാറ്റംകൂടി നടന്നത്. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേര്‌ 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍' എന്നാക്കിയിരുന്നു. 'ആരോഗ്യം പരമം ധനം' എന്ന ടാഗ് ലൈനും ചേര്‍ക്കണം എന്ന നിര്‍ദേശമുണ്ടായിരുന്നു.

വിവിധ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പേരില്‍ നിന്ന് 'ഇന്ത്യ' ഒഴിവാക്കി 'ഭാരത്' ആക്കുന്നതിനിടെയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയിലും ഭാരത് ഇടംപിടിച്ചിരിക്കുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് 'ഇന്ത്യ' ഒഴിവാക്കി 'ഭാരത്' എന്നാക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്‍സിഇആര്‍ടി രൂപീകരിച്ച സോഷ്യല്‍ സയന്‍സ് പാനല്‍ ആണ് നിര്‍ദേശം മുന്നോട്ടുവച്ചത്.

പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നല്‍കിയതിന് പിന്നാലെ, ഇന്ത്യ എന്ന് ഉപയോഗിക്കുന്നതിന് പകരം 'ഭാരത്' എന്നാണ് കേന്ദ്രസര്‍ക്കാരും ബിജെപി നേതാക്കളും ഉപയോഗിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണക്കത്തിലും ഇരിപ്പിടത്തിലും ഭാരത് എന്ന് ചേര്‍ത്തതോടെയാണ് പേര് മാറ്റ വിവാദം ആരംഭിച്ചത്.

Post a Comment

0 Comments