banner

പൊലീസുകാര്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിച്ചു; പതിനേഴുകാരന് നട്ടെല്ലിന് ഗുരുതര പരിക്ക്; പുറത്ത് പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണി; അനേഷണത്തിന് ഉത്തരവിട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ; അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ; ആരോപണം കള്ളമാണെന്ന് പാലാ പൊലീസ്


സ്വന്തം ലേഖകൻ
കോട്ടയം : പൊലീസുകാരുടെ മർദ്ദനത്തിൽ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതിയിൽ  അന്വേഷണം പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയതായി കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കും. ഇന്ന് തന്നെ റിപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപൻ എന്ന 17കാരനാണ് പരാതിയുമായി രംഗത്ത് വന്നത്. പാലാ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ തന്നെ മർദ്ദിച്ചുവെന്നും മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റുവെന്നുമാണ് പരാതി.

മർദ്ദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയതായും പാർത്ഥിപൻ പറയുന്നു. കുനിച്ചുനിർത്തി മുതുകിൽ മർദ്ദിച്ചെന്നാണ്  പരാതി. മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് അനങ്ങാൻ കഴിയുന്നില്ലെന്നും ശുചിമുറിയിലേക്ക് വരെ എടുത്ത് പിടിച്ചാണ് കൊണ്ടുപോകുന്നതെന്നും അമ്മ പറഞ്ഞു.

എന്നാൽ പൊലീസ് മർദ്ദനമെന്ന ആരോപണം കള്ളമാണെന്നാണ് പാലാ പൊലീസിന്റെ വാദം. പാർത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് പിടികൂടിയതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസുകാർ പറയുന്നു. പാർത്ഥിപൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കോട്ടയം എസ്‌പി വ്യക്തമാക്കി.

Post a Comment

0 Comments