സ്വന്തം ലേഖകൻ
എട്ട് ഗോളുകൾ പിറന്ന സ്റ്റാംഫോഡ് ബ്രിഡ്ജിലെ ത്രില്ലർ പോരാട്ടം ഒടുവിൽ സമനിലയിൽ. ലീഡ് നില മാറിമറിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-4നാണ് ചെൽസി തളച്ചത്. 4-3ന് പിന്നിൽ നിൽക്കെ, ഇഞ്ചുറി ടൈമിന്റെ അവസാന പെനാൽറ്റിയിലൂടെ കോൾ പാൽമറാണ് ചെൽസിക്ക് സമനില നേടി കൊടുത്തത്. പ്രീമിയർ ലീഗിലെ വമ്പന്മാർ നേർക്കുനേർ വന്ന അങ്കത്തിൽ ആദ്യം ലീഡ് എടുത്തത് മാഞ്ചസ്റ്റർ സിറ്റിയാണ്. 25 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാലണ്ടാണ് സിറ്റിക്ക് ലീഡ് സമ്മാനിച്ചത്.
ഒരു ഗോൾ വീണതോടെ ചെൽസി ഉണർന്നു. പിന്നീട് സ്റ്റാംഫോഡ് ബ്രിഡ്ജിൽ രണ്ട് ടീമുകളും മാറി മാറി അറ്റാക്ക് ചെയ്യാൻ തുടങ്ങി. നാല് മിനിറ്റിനകം ചെൽസി ഗോൾ മടക്കി. 29 ആം മിനിറ്റിൽ ഗാലഗറിന്റെ അസിസ്റ്റിൽ നിന്ന് തിയാഗോ സിൽവയാണ് ലക്ഷ്യം കണ്ടത്. സ്‌കോർ 1-1. അധികം വൈകാതെ ചെൽസി ലീഡ് നേടി. മാഞ്ചസ്റ്റർ സിറ്റി മുൻ താരം റഹീം സ്റ്റെർലിംഗാണ് ബ്ലൂസിനെ മുന്നിൽ എത്തിച്ചത്. 37 ആം മിനിറ്റിൽ റീസ് ജെയിംസിന്റെ ക്രോസിൽ നിന്നായിരുന്നു സ്റ്റെർലിംഗിന്റെ ടാപ്പിൻ ഗോൾ. എന്നാൽ, ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് മുൻപ് തന്നെ സ്‌കോർ 2-2 ആക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചു. ബെർണാഡോ സിൽവയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ അകാഞ്ചി സ്‌കോർ ചെയ്തു. സെക്കന്റ് ഹാഫിലും ഇരു ടീമുകളും അറ്റാക്കിംഗ് ഫുട്ബോൾ തുടർന്നു. 47 ആം മിനിറ്റിൽ എർലിംഗ് ഹാലണ്ട് ചെൽസിയുടെ വല കുലുക്കി. സിറ്റി 3-2ന്റെ ലീഡ് നേടിയതോടെ സമനില ഗോളിനായി ചെൽസിയും പരിശ്രമം തുടങ്ങി.
അൽപ്പം കാത്തിരുന്ന ശേഷം 67 ആം മിനിറ്റിൽ ചെൽസി മൂന്നാം ഗോൾ നേടി. ഗാലഗറിന്റെ ലോങ്ങ് റേഞ്ച് ഷോട്ട് സിറ്റി ഗോൾകീപ്പർ എഡേഴ്സൻ തട്ടിയിട്ടെങ്കിലും, റീബൗണ്ടിലൂടെ നിക്കോളസ് ജാക്സൻ പന്ത് വലയിലാക്കി. സ്‌കോർ വീണ്ടും തുല്യത പാലിച്ചു. 86 ആം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി നാലാം ഗോളുമായി വീണ്ടും ലീഡ് പുനസ്ഥാപിച്ചു. റോഡ്രിയുടെ ഒരു ഷോട്ട് ഡിഫ്ലക്ഷനോടെ ഗോളായി മാറി. മാഞ്ചസ്റ്റർ സിറ്റി വിജയം ഉറപ്പിച്ച നിമിഷങ്ങൾ. എന്നാൽ, ചെൽസി വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. ഇഞ്ചുറി ടീമിലും അറ്റാക്ക് തുടർന്ന ചെൽസി 95 ആം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. പെനാൽറ്റിയിലൂടെ യുവ താരം കോൾ പാൽമറാണ് ചെൽസിയുടെ രക്ഷകനായത്. അർമാൻഡോ ബ്രോഹയെ ബോക്സിനുള്ളിൽ റൂബൻ ഡയാസ് വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്ക് എടുത്ത പാൽമർ അനായാസം ലക്ഷ്യം കണ്ടു. 28 പോയിന്റുമായി പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16 പോയിന്റുള്ള ചെൽസി പത്താം സ്ഥാനത്ത് നിൽക്കുന്നു.
%20-%20Copy%20(1)%20(6).jpg)
0 Comments