സ്വന്തം ലേഖകൻ
തൃഷയ്‌ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ്. തമിഴ് സിനിമയിലെ നിരവധി താരങ്ങളാണ് വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്. മലയാളി താരം ഹരിശ്രീ അശോകൻ മൻസൂർ അലി ഖാനെതിരെ പറയുന്ന വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
2000ത്തിൽ റിലീസ് ചെയ്ത 'സത്യം ശിവം സുന്ദരം' എന്ന സിനിമയിൽ മൻസൂർ അലി ഖാൻ ആയിരുന്നു പ്രതിനായക വേഷത്തിൽ എത്തിയത്. ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും പ്രധാന താരങ്ങളായ ചിത്രത്തിലെ സംഘട്ടന രംഗത്തിൽ മൻസൂർ യാതൊരു ശ്രദ്ധയുമില്ലാതെ പെരുമാറി എന്ന് വിഡിയോയിൽ പറയുന്നുണ്ട്.
'സത്യം ശിവം സുന്ദരം എന്ന സിനിമയിൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന സംഘട്ടന രംഗം ചിത്രീകരിക്കുകയാണ്. മൻസൂർ അലി ഖാൻ ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. കൊച്ചിൻ ഹനീഫയുടെയും എന്റെയും കഥാപാത്രങ്ങൾക്ക് കണ്ണുകാണില്ല. മുകളിലേയ്ക്ക് നോക്കിയാണ് അഭിനയിക്കുന്നത്. അടി വരുന്നത് കാണാൻ പറ്റില്ല. മൻസൂർ രണ്ടു മൂന്ന് തവണ കൈയ്യിൽ ഇടിച്ചു, നെഞ്ചിന് ഒരു ചവിട്ടും. ഞാനൊരു തവണ ചവിട്ടരുത് ശ്രദ്ധിക്കണം, ടൈമിങ് നിങ്ങളുടെ കൈയ്യിലാണ് എന്ന് പറഞ്ഞു. അയാൾ കേട്ടഭാവം നടിച്ചില്ല. രണ്ടാമത് വീണ്ടും ചവിട്ടിയപ്പോൾ താക്കീത് ചെയ്തു. ഇനി ദേഹത്ത് തൊട്ടാൽ നീ മദ്രാസ് കാണില്ലെന്ന് പറഞ്ഞു. എന്നേക്കാൾ വലുതാണ് അയാൾ, ഞാനത് അപ്പോൾ പറഞ്ഞില്ലെങ്കിൽ വീണ്ടും ആവർത്തിക്കും. അങ്ങനെ ഒരു ബോധവും ഇല്ലാത്ത നടനാണ് മൻസൂർ അലി ഖാൻ,' എന്നാണ് വീഡീയോയിൽ പറയുന്നത്.
മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ എടുത്തിടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നുമാണ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാൻ പറഞ്ഞത്. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചു. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകൻ ലോകേഷ് പ്രതികരിച്ചത്.
.jpg)
0 Comments