banner

'സഭയുടെ രാഷ്ട്രീയ നിലപാടല്ല'; സുരേഷ് ഗോപിക്കെതിരായ വിമര്‍ശനം തള്ളി തൃശൂര്‍ അതിരൂപത


സ്വന്തം ലേഖകൻ
തൃശൂര്‍ : സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരെ സഭാ മുഖപത്രത്തില്‍ വന്ന വിമര്‍ശനം തള്ളി തൃശൂര്‍ അതിരൂപത. മണിപ്പൂര്‍ വിഷയത്തിലെ വിമര്‍ശനം സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്നാണ് സഭയുടെ വാദം. അല്‍മായരുടെ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് മണിപ്പൂര്‍ പ്രതിഷേധ ജ്വാല സംഘടിപ്പിരുന്നു. പ്രതിഷേധത്തില്‍ ഉയര്‍ന്ന അഭിപ്രായമാണ് ലേഖനമായി കത്തോലിക്കാസഭയില്‍ വന്നതെന്ന് അതിരൂപത വിശദീകരിക്കുന്നു. വാര്‍ത്ത വിവാദമായതിന് പിന്നാലെയാണ് സഭയുടെ വിശദീകരണം. 

തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാകുമെന്നും മുഖപത്രത്തില്‍ പറഞ്ഞിരുന്നു. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്നും സുരേഷ് ഗോപിയെ പരിഹസിച്ചു.

മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കേണ്ടെ അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍ ഉണ്ടെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവനയ്ക്കും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ 'ആണുങ്ങള്‍' എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്നും മുഖപത്രത്തില്‍ ചോദിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും വിമര്‍ശിക്കുന്നു. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ട് തേടലിനെതിരെ ജനം ജാഗരൂകരാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ പ്രകടിപ്പിക്കാറുണ്ടെന്നും മുഖപത്രത്തില്‍ പറഞ്ഞു. കരുവന്നൂര്‍ യാത്രയുടെ സമാപനവേദില്‍ സുരേഷ്ഗോപി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മുഖപത്രത്തിലെ വിമര്‍ശനം.

ഇത് വിവാദമായതോടെ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്നും താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി. സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ ആരെന്നു തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Post a Comment

0 Comments