banner

റോബിൻ ബസിന് തമിഴ്നാട്ടിൽ പൂട്ട്!, തമിഴ്നാട് മോട്ടോർവാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുത്തു, ഇറങ്ങാൻ കൂട്ടാക്കാതെ ഉടമയും യാത്രക്കാരും


സ്വന്തം ലേഖകൻ
പത്തനംതിട്ട : റോബിൻ ബസ് കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർവാഹന വകുപ്പ്. തമിഴ്നാട് ​ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. അതേ സമയം ബസിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ തുടരുകയാണ് ഉടമയും അതിലെ യാത്രക്കാരും. പകരം സംവിധാനം ഏർപ്പെടുത്താതെ പോകില്ലെന്നാണ് ഇവരുടെ നിലപാട്. യാത്രക്കാരും ബസും ഇപ്പോഴുള്ളത് തമിഴ്നാട് ആർടിഒ കോമ്പൗണ്ടിലാണ്. 

ഹൈക്കോടതി ഉത്തരവ് നേടി ഇന്നലെ പുലർച്ചെയാണ് റോബിൻ സർവ്വീസ് പുനരാരംഭിച്ചത്. ഇന്ന് വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്നാട് ആർടിഒ തടഞ്ഞിരുന്നു. രാവിലെ 11.45 ഓടെ വാളയാര്‍ അതിര്‍ത്തി കടന്ന ബസ് ചാവടിയിലെ ആര്‍ടിഒ ഉദ്യോഗസ്ഥരാണ് തടഞ്ഞത്.

ഒറിജിനല്‍ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ബസ് ഗാന്ധിപുരം ആര്‍ടി ഓഫീലേക്കെത്തിക്കാന്‍ നിര്‍ദേശം നല്‍കി. കേരളത്തിലെ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് തമിഴ്‌നാട് ആര്‍ടിഒ ബസ് പിടിച്ചെടുത്തതെന്ന് ബസുടമ റോബിന്‍ ഗിരീഷ് ആരോപിച്ചു. നിയമനടപടി നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. സംസ്ഥാനത്ത് ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്.

പിടിച്ചെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു. കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓ‍ടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്.

Post a Comment

0 Comments