സ്വന്തം ലേഖകൻ
തൃക്കരുവ : തൃക്കരുവ ഗ്രാമ പഞ്ചായത്തിന് കീഴിലെ പ്രധാന പ്രദേശങ്ങളിൽ ഉൾപ്പെടെ തെരുവ് നായ ശല്യം രൂക്ഷം. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഇടംനേടിയ സാംബ്രാണിക്കോടിയിലും പ്രധാന വ്യാപാര കേന്ദ്രമായ കാഞ്ഞാവെളിയിലും ഉൾപ്പെടെ തൃക്കരുവ പഞ്ചായത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും തെരുവ് നായ്ക്കൾ കൈയ്യടക്കിയിരിക്കുന്നു. തെരുവ് നായ്ക്കളുടെ പ്രജനനം തടയുക ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച എ.ബി.സി പദ്ധതി തൃക്കരുവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം ഈ വർഷം നടപ്പിലാക്കിയില്ല. ഇതോടെയാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉൾപ്പെടെ തെരുവ് നായ്ക്കളുടെ ശല്യം അതിക്രമിച്ചത്.
കേരള പഞ്ചായത്ത് രാജ് നിയമത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകൾ പറയുന്ന മൂന്നാം പട്ടികയിൽ 27ആം ചുമതലയായി തെരുവ് നായ ശല്യത്തെ ഇല്ലായ്മ ചെയ്യണമെന്ന് പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇതെല്ലാം പാടേ ലംഘിക്കപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ വന്മള കയർ ഫാക്ടറിയോട് ചേർന്നുള്ള പ്രദേശത്ത് എ.ബി.സി പദ്ധതിയുടെ ഭാഗമായി നായ്ക്കളുടെ വന്ധീകരണ പരിപാടി നടന്നിരുന്നു. എ.ബി.സി പദ്ധതി നിലയ്ക്കാൻ കാരണം പഞ്ചായത്ത് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് സൂചനയുണ്ട്.

0 Comments