banner

ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളിയായ നഴ്സ് കുഴഞ്ഞ് വീണ്‌ മരിച്ചു!, മരണം ആശുപത്രിയില്‍ എത്തി വിദഗ്ധ ചികിത്സ തേടും മുന്‍പേ, ബിസിനസ് സംരഭം നടത്തിവന്ന യുവാവിനും യുകെയിൽ ദാരുണ മരണം, വ്യത്യസ്ത സംഭവങ്ങളിൽ വിങ്ങി വിദേശത്തെ മലയാളി ജനത


സ്വന്തം ലേഖകൻ
ലണ്ടൻ : യുകെ മലയാളികളായ രണ്ട് പേര്‍ മരിച്ചു. ചെറുപ്പക്കാരായ രണ്ടു മലയാളികളുടെ മരണമാണ് ലണ്ടനിലെ രണ്ടു നഗരങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടവരാണ് രണ്ടു പേരും എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. 

ഇക്കാരണത്താല്‍ തന്നെ ലണ്ടൻ വൈറ്റ് ചാപ്പല്‍ റോയല്‍ ഹോസ്പിറ്റല്‍ നഴ്സ് ആയിരുന്ന ഷിംജയുടെ മരണവും ഈസ്റ്റ് ഹാമിന് അടുത്ത് ഡെബൻഹാമില്‍ താമസിച്ചിരുന്ന യുവാവിന്റെ മരണവും പ്രിയപെട്ടവരെ ഏറെ ദുഃഖത്തിലാഴ്‌ത്തുകയാണ്.

ഈസ്റ്റ് മലയാളിയായ യുവാവിനു 30 വയസില്‍ തന്നെ ജീവിത യാത്ര അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ ഷിംജക്ക് 35 വയസു വരെയാണ് വിധി ജീവിക്കാനായി അനുവാദം നല്‍കിയത്.

ഈസ്റ്റ് ഹാമില്‍ മരിച്ച യുവാവിന്റെ പിതാവ് നാട്ടില്‍ ആയതിനാലും ബന്ധുക്കള്‍ അടക്കം ഉള്ളവര്‍ മരണ വിവരം അറിഞ്ഞിട്ടില്ലാത്തതിനാലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടരുത് എന്ന പ്രിയപ്പെട്ടവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പേരടക്കമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താത്തത്.

സ്വന്തമായി ബിസിനസ് സംരഭം ആരംഭിച്ചിരുന്ന യുവാവിന് യുകെയുടെ പലഭാഗത്തും നിരവധി സുഹൃത്തുക്കളുമുണ്ട്. ഇവരെല്ലാം പ്രിയ മിത്രത്തിന്റെ ആകസ്മിക വേര്‍പാടില്‍ സ്വയം തകര്‍ന്ന അവസ്ഥയിലാണ് എന്നതും മരിച്ചയാള്‍ എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

സ്റ്റുഡന്റ് വിസയിലും പിന്നീട് കെയര്‍ ഹോമിലെ വര്‍ക്ക് വിസയിലും ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ഷിംജയുടെ മരണം യുകെ മലയാളികള്‍ക്ക് മറ്റൊരു ആകസ്മിക വേര്‍പാടായി മാറുകയാണ്. ഏതാനും നാളുകളായി വയര്‍ വേദന അനുഭവപ്പെട്ടിരുന്ന ഷിംജ അള്‍സര്‍ ആയിരിക്കുമെന്ന ധാരണയില്‍ എൻഎച്ച്‌എസ് ചികിത്സയ്ക്ക് വൈകുന്ന സാഹചര്യം മനസിലാക്കി നാട്ടില്‍ എത്തിയതായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തി വിദഗ്ധ ചികിത്സ തേടും മുൻപേ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

ആദ്യം സ്‌ട്രോക്കും പിന്നീട് ഹൃദയാഘാതവുമാണ് മരണ കാരണമായി ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. ശനിയാഴ്ച മരിച്ച ഷിംജയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ പൂര്‍ത്തിയായി. ഷിംജ കഴിഞ്ഞ ഏതാനും വര്‍ഷമായി സ്റ്റുഡന്റ് വിസയിലും പിന്നീട് വര്‍ക്ക് വിസയിലും യുകെയുടെ പല ഭാഗങ്ങളില്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ ആകസ്മിക മരണം സൃഷ്ടിച്ച ആഘാതം പ്രിയപ്പെട്ടവര്‍ക്കെല്ലാം ഏറെ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്.

സ്റ്റുഡന്റ് വിസയില്‍ എത്തിയ ഷിംജ ഏകദേശം അഞ്ചു വര്‍ഷത്തോളം യുകെയില്‍ പിടിച്ചു നില്‍ക്കാൻ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു ഒടുവില്‍ നാട്ടിലേക്ക് തിരിച്ചെത്തുക ആയിരുന്നു. പിന്നീട് വര്‍ത്തിങ് എന്ന സ്ഥലത്തു കെയര്‍ ഹോമില്‍ വര്‍ക് വിസ നേടിയും ജോലി ചെയ്തു. ഈ സമയങ്ങളില്‍ ഒക്കെ പ്രാര്‍ത്ഥന ഗ്രൂപ്പുകളില്‍ അടക്കമുള്ളവരുടെ സ്നേഹസാന്ത്വനങ്ങളാണ് ഷിംജയ്ക്ക് ജീവിതത്തെ നേരിടാൻ ധൈര്യം നല്‍കിയിരുന്നത്.

ഏറെ കഷ്ടപ്പാടുകളാണ് അക്കാലങ്ങളില്‍ എല്ലാം ഷിംജ അനുഭവിച്ചിരുന്നത്. തുടര്‍ന്ന് വിവാഹം നടന്നെങ്കിലും യുകെ മലയാളികള്‍ സ്വര്‍ഗീയ ജീവിതം നയിക്കുന്നവരാണ് എന്ന കാഴ്ചപ്പാടില്‍ അനേകമാളുകള്‍ ഇന്നും നാട്ടിലുണ്ട് എന്നോര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഉള്ള അനുഭവങ്ങളാണ് ഷിംജയെ കാത്തിരുന്നതെന്നു ഈ യുവതിയുടെ പ്രിയ കൂട്ടുകാര്‍ വെളിപ്പെടുത്തുന്നു.

ഇക്കാരണത്താല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുകയായിരുന്നു ഷിംജ. വിവാഹ മോചനത്തിനുള്ള ശ്രമങ്ങള്‍ അടുത്തിടെ ആരംഭിച്ചിരുന്നതായാണ് സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.

ഒടുവില്‍ ലണ്ടൻ ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ലഭിച്ചതോടെയാണ് വീണ്ടും ജീവിത പ്രതീക്ഷകള്‍ തളിരിടുന്നത്. തിരികെ ജീവിതത്തിലേയ്ക്ക് ഉറച്ച മനസോടെ നടക്കാൻ തുടങ്ങവേയാണ് ഷിംജയെ തേടി അസുഖം എത്തുന്നതും ഒടുവിലത് മരണത്തിലേക്ക് നയിക്കുന്നതും. ചികിത്സയെല്ലാം നടത്തി വേഗം മടങ്ങിവരാം എന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞു പോയ പ്രിയ കൂട്ടുകാരിയുടെ ചിരിക്കുന്ന മുഖമാണ് ഇപ്പോള്‍ സഹപ്രവര്‍ത്തകരുടെ മുന്നില്‍ ഉള്ളത്. ശനിയാഴ്ച മരണം നടന്നത് ഏറെ വൈകിയാണ് ലണ്ടനില്‍ ഉള്ള പ്രിയപ്പെട്ടവര്‍ പലരും അറിയുന്നതും.

Post a Comment

0 Comments