banner

ഉത്തരാഖണ്ഡ് രക്ഷാദൗത്യം; വൈകുന്നേരത്തോടെ സന്തോഷ വാർത്ത


സ്വന്തം ലേഖകൻ
ഉത്തരകാശി : ഉത്തരാഖണ്ഡിൽ ടണലില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം വിജയത്തിനരികെ. ഇനി 15 മീറ്റര്‍ കൂടി തുരന്നാല്‍ പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയാകും. വൈകുന്നേരത്തോടെ ഇത് പൂര്‍ത്തിയാക്കാനാണ് ശ്രമം.

48 മീറ്ററാണ് ഇതുവരെ ഡ്രില്ല് ചെയ്തത്.എല്ലാവരെയും എത്രയും പെട്ടെന്ന് സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് മണിക്കൂർ കൂടി തുടർച്ചയായി തുരക്കാൻ സാധിച്ചാൽ പൈപ്പ് സ്ഥാപിക്കുന്നത് പൂർത്തിയാക്കാൻ സാധിക്കും.

ശേഷം തൊഴിലാളികളെ പൈപ്പിലൂടെ പുറത്തേക്കിറക്കും. പുറത്തെത്തിച്ച ശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. വലിയ പ്രശ്നമില്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ചശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കും.

ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. അതിനായി തുരങ്കത്തിന് സമീപത്തായി ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്.

അമേരിക്കൻ നിർമിത ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചുള്ള പ്രവർത്തനം തടസ്സപ്പെട്ടാൽ മറ്റ് അഞ്ച് മാർഗങ്ങൾ കൂടി രക്ഷാപ്രവർത്തനത്തിനായി തയാറാക്കിയിട്ടുണ്ട്. കുന്നിന് മുകളിൽ നിന്ന് താഴേക്ക് കുഴിച്ച് തൊഴിലാളികളുടെ അടുത്തേക്ക് എത്താനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്.

മല തുരന്ന് തൊഴിലാളികളുള്ള സ്ഥലത്തേക്ക് എത്തണമെങ്കിൽ 15 ദിവസമെടുക്കും.12 ദിവസമായി ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ ചൊവ്വാഴ്ച ലഭിച്ചിരുന്നു.

ഭക്ഷണത്തിനുള്ള പൈപ്പ് വഴി അകത്തേക്കിട്ട ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ഇന്നലെ പുലർച്ചെ മുതലാണു കിട്ടിത്തുടങ്ങിയത്. ഈ മാസം 12നാണ് റോഡ് നിർമാണത്തിനിടെ 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയത്. സ്റ്റീൽ പൈപ്പിലൂടെ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.

Post a Comment

0 Comments