സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പട്ടികജാതി യുവതി ആത്മഹത്യചെയ്ത കേസിൽ ആരോപണവിധേയനായ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. മയ്യനാട് ധന്യ നഗർ-63ൽ രേവതി കണ്ണശ്ശനഴികം വീട്ടിൽ സനീഷ് ചന്ദ്രനെ(30)യാണ് കോടതി വെറുതേവിട്ടത്. കൊട്ടാരക്കര എസ്.സി.എസ്.ടി. സ്പെഷ്യൽ കോടതി ജഡ്‌ജി ആർ.ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.
മരിച്ച യുവതിയും സഹപാഠിയായിരുന്ന പ്രതിയും പ്രണയത്തിലായിരുന്നു. തന്നെ അവഗണിച്ച് പ്രതി മറ്റൊരാളുമായി അടുപ്പത്തിലാണെന്നറിഞ്ഞ വിഷമത്തിൽ യുവതി വിഷം കഴിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. 2017 ഡിസംബർ ഒന്നാംതീയതി രാത്രി 7.30-ന് പ്രതിയുടെ വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. വിഷം കഴിച്ച് വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിക്കാൻ മനപ്പൂർവം കാലതാമസം വരുത്തിയെന്ന് മരിച്ചയാളിന്റെ സഹോദരി പ്രതിക്കെതിരേ കോടതിയിൽ മൊഴി നൽകിയിരുന്നു.
പ്രോസിക്യൂഷൻ പത്തു സാക്ഷികളെ വിസ്തരിച്ചു. 29 രേഖഹാജരാക്കി. പ്രതിക്കെതിരേയുള്ള ആരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.
.jpg)
0 Comments