banner

പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി; കേന്ദ്രസർക്കാർ നൽകിയ 12 മാസം തുടരും


സ്വന്തം ലേഖകൻ
ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയ സർക്കാർ തീരുമാനം റദ്ദാക്കി ഹൈക്കോടതി. കേന്ദ്രസർക്കാർ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറുമാസമായി കുറച്ചത്. പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ നൽകിയ നിവേദനം പരിഗണിച്ചായിരുന്നു മന്ത്രിയുടെ നടപടി.

അഞ്ചരലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. 80 രൂപയാണ് ഒരുതവണ സർട്ടിഫിക്കറ്റിന് നൽകേണ്ടത്. കാലാവധി കുറയ്ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്ന റിപ്പോർട്ടാണ് ഗതാഗതസെക്രട്ടറി ബിജു പ്രഭാകറും, ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തും നൽകിയത്.
2022 ഓഗസ്റ്റിലാണ് കാലാവധികുറച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ കുറിച്ചിട്ടുണ്ട്. നാലുമാസം ഫയൽ മന്ത്രിയുടെ പരിഗണനയിലായിരുന്നു. ഈ കാലയളവിൽ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധിയെക്കുറിച്ച് വിദഗ്ധസമിതി പഠനമോ, റിപ്പോർട്ടോ ഉണ്ടായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഗതാഗതവകുപ്പ് നൽകിയ രേഖകളിൽ വ്യക്തമാണ്.

എന്തിന്റെ അടിസ്ഥാനത്തിലാണ് കാലാവധി കുറച്ചതെന്ന് ഫയലിൽ മന്ത്രിയും വ്യക്തമാക്കിയിട്ടില്ല. പുകപരിശോധിക്കുന്ന യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നതിനുള്ള ഇടവേള (കാലിബറേഷൻ) ആറുമാസമായി ഉയർത്തണമെന്ന ആവശ്യവും ഇതോടൊപ്പം മന്ത്രി അംഗീകരിച്ചിരുന്നു.

നാലുമാസം കൂടുമ്പോൾ യന്ത്രങ്ങളുടെ പ്രവർത്തനം വിലയിരുത്തണമെന്ന റിപ്പോർട്ടാണ് ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയത്. കേന്ദ്രസ്ഥാപനമായ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ)യുടെ ഉപദേശം അനുസരിച്ചായിരുന്നു കമ്മിഷണറുടെ ശുപാർശ. ഇതും തള്ളിയാണ് മന്ത്രി ഇളവ് നൽകിയത്.

Post a Comment

0 Comments