banner

കടുത്ത ചൂടിലും ഡ്രൈവര്‍മാര്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു!, ട്രക്കുകൾക്ക് എ.സിയുള്ള ക്യാബിൻ നിർബന്ധം, രണ്ട് വർഷത്തിനുള്ളിൽ നടപ്പാക്കാൻ കേന്ദ്രം


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന എന്‍-2, എന്‍-3 ട്രക്കുകളിലെ ഡ്രൈവര്‍മാരുടെ കാബിനുകളില്‍ 2025 ഒക്ടോബര്‍ ഒന്നുമുതല്‍ എ.സി. നിര്‍ബന്ധമാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2025 ഒക്ടോബര്‍ ഒന്നിനുശേഷം നിര്‍മിക്കുന്ന എല്ലാ എന്‍-2, എന്‍-3 ട്രക്കുകളും കാബിന്‍ എ.സി. ഘടിപ്പിച്ച് ഐ.എസ്.ഐ. പരിശോധന പൂര്‍ത്തിയാക്കണം.

ട്രക്ക് കാബിന്‍ എ.സി.യാക്കണമെന്ന കരട് വിജ്ഞാപനം കഴിഞ്ഞ ജൂലായിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയത്. 2025 ജനുവരി ഒന്നുമുതല്‍ അത് നിര്‍ബന്ധമാക്കുമെന്നായിരുന്നു വിജ്ഞാപനം. ഇത് വാഹനനിര്‍മാണത്തിന്റെ ചെലവ് കൂട്ടുമെന്നു ചൂണ്ടിക്കാട്ടി എതിര്‍പ്പുകളുയര്‍ന്നു. എന്നാല്‍, കടുത്ത ചൂടിലും ഡ്രൈവര്‍മാര്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കണ്ടെത്തിയാണ് വീണ്ടും നിര്‍ദേശം നല്‍കിയത്.

ദീര്‍ഘദൂരയാത്രകളില്‍ കാബിനിലെ ചൂടും ദുരിതവും കാരണം പ്രയാസപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകരമായ തീരുമാനമാണിത്. റോഡ്സുരക്ഷ ഉറപ്പാക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു. പുതിയ വ്യവസ്ഥ വരുന്നതോടെ എ.സി. കാബിനോടെ വേണം വാഹനനിര്‍മാതാക്കള്‍ ട്രക്കുകള്‍ വില്‍പ്പനയ്ക്കെത്തിക്കാനെന്നാണ് വിവരം.

രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദേശം നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തിരുമാനം. ഡ്രൈവര്‍മാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതല്‍കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്.

ലോറികളില്‍ ഉള്‍പ്പെടെ എ.സി. ക്യാബിനുകള്‍ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട റോഡ് സുരക്ഷയും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഗമനം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തലുകള്‍.

Post a Comment

0 Comments