സ്വന്തം ലേഖകൻ
പത്തനംതിട്ട : തിരുവല്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലടക്കം ആരോപണവിധേയനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ വൈസ് പ്രസിഡന്റുമായ സി.സി. സജിമോനെയാണ് ഒടുവിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പത്തനംതിട്ട ജില്ലാ കമ്മിറ്റി സജിമോന്റെ പ്രാഥമികാംഗത്വം റദ്ദ് ചെയ്യുകയായിരുന്നു.
2018ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ സജിമോനെ പാർട്ടി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ രണ്ടുവർഷത്തിനുശേഷം പാർട്ടിയിൽ വീണ്ടും തിരിച്ചെത്തിയ സജിമോൻ ചുമതലകളേറ്റു. വീട്ടമ്മ ഗർഭിണിയോയതോടെ ഡിഎൻഎ പരിശോധനയ്ക്ക് മറ്റൊരാളെ വിട്ട് കേസന്വേഷണം വഴിതിരിച്ചുവിടാനും സജിമോൻ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നു.
2021 ലാണ് അടുത്ത പരാതി ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയത്. സിപിഎം വനിത നേതാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ പൊലീസിന്‍റെയോ പാർട്ടിയുടെയോ അന്വേഷണം കാര്യമായി നടന്നില്ല. മാത്രമല്ല, പരാതിക്കാരിക്കെതിരെ സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി നടപടിയെടുക്കുകയും ചെയ്തു.
അടുത്തിടെ സജിമോനെതിരെ സംസ്ഥാന നേതൃത്വത്തിന് എണ്ണമറ്റ പരാതികൾ കിട്ടിയതും ഡിഎൻഎ പരിശോധന ഫലം അട്ടിമറിച്ച കേസ് വിചാരണഘട്ടത്തിലേക്കും നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശത്തിന് വഴങ്ങേണ്ടിവന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത നേതൃയോഗമാണ് ഇയാളെ പുറത്താക്കാൻ തീരുമാനിച്ചത്.
.jpg)
0 Comments