ഇന്‍ഷാദ് സജീവ്
തൃക്കരുവ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം വാർഡിലെ ഗുരുമന്ദിരം - കരുവ - കാഞ്ഞാവെളി റോഡിൽ ചില ഭാഗങ്ങളിൽ വഴിവിളക്ക് ഇല്ലാത്തത് നാട്ടുകാർക്ക് ദുരിതം സൃഷ്ടിക്കുന്നു. വാർഡിലെ സി.എസ്.ഐ പള്ളി സ്ഥിതി ചെയ്യുന്നതിന് സമീപമാണ് വഴിവിളക്ക് ഇല്ലാത്തത്. പുതിയ പോസ്റ്റ് ഇടാൻ കെഎസ്ഇബി ആവശ്യപ്പെട്ടത് മുപ്പതിനായിരത്തിനും മുകളിൽ രൂപയാണെന്നും ഇതുകൊണ്ട് ഇതിനായി ചിലവാക്കാൻ ഫണ്ടില്ലെന്നുമാണ് 2021-22 സാമ്പത്തിക വർഷത്തിലും അതിനുമുമ്പ് 2020-21 സാമ്പത്തിക വർഷത്തിലും പഞ്ചായത്ത് അറിയിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ എ.സി വാങ്ങുന്നതിന് ഒരു ലക്ഷം രൂപ പദ്ധതി വെച്ച വാർത്ത അഷ്ടമുടി ലൈവ് പുറത്തുവിട്ടതിന് പിന്നാലെയാണ് എ.സി വാങ്ങുന്നതിന് മുമ്പ് തങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തിയത്.
ഇഴജന്തുക്കളുടെയും നായയുടെയും ശല്യം പ്രദേശത്ത് അതിരൂക്ഷമാണ്. ഇതു മുൻനിർത്തിയാണ് പലപ്പോഴായി പഞ്ചായത്തിനോട് ഈ പ്രദേശത്ത് വഴിവിളക്കിടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടത്. എന്നാൽ വിളക്കിടാൻ കഴിയില്ല എന്ന നിലപാടിലാണ് പഞ്ചായത്ത് ഉറച്ചുനിന്നത്. അതേസമയം, വഴിവിളക്കുള്ള പോസ്റ്റിൽ നിന്നും പതിനൊന്നു മീറ്റർ അകലമുള്ള ഏത് പോസ്റ്റിലും അടുത്ത വഴി വിളക്ക് സ്ഥാപിക്കാവുന്നതാണ്. പ്രദേശത്ത് 80 മീറ്ററോളം ആണ് വഴിവിളക്ക് ഇല്ലാത്തത്. വളവ് തിരിയുന്ന ഭാഗത്ത് മാത്രമാണ് പഞ്ചായത്ത് വിളക്ക് സ്ഥാപിച്ചിട്ടുള്ളത്. വഴിവിളക്കില്ലാത്തതിനാൽ പ്രദേശത്തെ സാമൂഹികവിരുദ്ധ ശല്യവും കൂടിയിട്ടുള്ളതായും പ്രദേശവാസികൾ പരാതിപ്പെടുന്നുണ്ട്.
.jpg)
0 Comments