സ്വന്തം ലേഖകൻ
ചിന്നക്കട : നവ കേരള സദസിന്റെ കൊല്ലം പര്യടനം തുടരവേ മുഖ്യമന്ത്രിക്കെതിരെ കരിങ്കോടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കൊല്ലം ചിന്നക്കടയിലെ ബിഷപ്പ് ജെറോം നഗർ മാളിന് സമീപം കൂടി കടന്നു പോയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധം തടയാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കയ്യാങ്കളി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വടിയും ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റ് ഉൾപ്പെടെ ഉപയോഗിച്ചു കൊണ്ടുള്ള സംഘട്ടനത്തിലേക്ക് വഴി മാറി.
ഇതിനിടെ സംഘർഷം പ്രതിരോധിക്കാൻ ശ്രമിച്ച പോലീസ് ലാത്തി വീശിയതോടെ ആളുമാറി ഒഴിഞ്ഞു നിന്ന ഡിവൈഎഫ്ഐ പ്രവർത്തകന് പോലീസ് പ്രഹരത്തിൽ ഗുരുതര പരിക്കേറ്റു. നവ കേരള സദസ്സിന്റെ വോളണ്ടിയർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ് പരിക്കേറ്റത്. തുടർന്ന് സംഘർഷം ഒഴിവാക്കുന്നതിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തങ്ങളുടെ വാഹനത്തിൽ മാറ്റാൻ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനത്തിൽ ഇരുന്നു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുറത്ത് ഉണ്ടായിരുന്ന ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളം, ഫൈസൽ കുളപ്പാടം തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു കരിങ്കോടി പ്രതിഷേധം നടന്നത്. അപ്രതീക്ഷിത സമരം ആയതിനാൽ വളരെ വൈകിയാണ് സിപിഎം പ്രവർത്തകർ ഇത്തരത്തിൽ ഒരു പ്രതിഷേധം നടക്കുമെന്ന കാര്യം മനസ്സിലാക്കിയത് പിന്നാലെ ഇവരുള്ള സ്ഥലത്തേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തുകയായിരുന്നു തുടർന്നാണ് സംഘർഷം ഉണ്ടായത്. മർദ്ദനത്തിൽ വിഷ്ണു സുനിൽ പന്തളം അടക്കമുള്ള പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട് പ്രത്യേക ക്രമത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കും നിസാരപരിക്കുകൾ ഏറ്റിട്ടുള്ളതായാണ് വിവരം.

0 Comments