സ്വന്തം ലേഖകൻ
ഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രസാദം എന്ന് പറഞ്ഞുള്ള മധുരപലഹാര വില്‍പ്പന ആമസോണ്‍ അവസാനിപ്പിച്ചു. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പ് കച്ചവടം മതിയാക്കിയത്. ഉൽപന്നത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി ഉപഭോക്താവിനെ കബളിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കകം മറുപടി വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. നോട്ടീസ് ലഭിച്ചയുടന്‍ തന്നെ ആമസോണ്‍ പ്രസാദ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
‘ശ്രീറാം ജന്മഭൂമി അയോധ്യാ കാ രഘുപതി ലഡു പ്രസാദ്’ എന്ന പേരിലാണ് ആമസോണ്‍ സൈറ്റില്‍ കച്ചവടം പൊടിപൊടിച്ചത്. നെയ് ലഡു, പാൽ പേഡ തുടങ്ങിയവയാണ് ഈ പേരുകളിൽ വിറ്റുകൊണ്ടിരുന്നത്. ഗൂഗിൾ സെർച്ചിൽ ലിങ്ക് ഇപ്പോഴും കാണാമെങ്കിലും ക്ലിക്ക് ചെയ്താൽ ഓര്‍ഡര്‍ നല്‍കാന്‍ കഴിയില്ല. അയോധ്യാക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് ആമസോണില്‍ വിൽപന നടക്കുന്നതായി ചൂണ്ടിക്കാണിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സാണ് (സിഎഐടി) പരാതി നല്‍കിയത്. രാമക്ഷേത്രത്തിന്റെ പേരില്‍ പ്രസാദ വില്‍പന നടത്തുന്നത് വിശ്വാസികളോട് ചെയ്യുന്ന ചതിയാണ് എന്നാണ് സിഎഐടി പരാതിയില്‍ ആരോപിച്ചത്.
പ്രസാദവില്‍പന സംബന്ധിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിച്ചുള്ള ഇത്തരം വില്‍പ്പനക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്നാണ് ആമസോണ്‍ അറിയിച്ചത്. ഇന്ത്യന്‍ നിയമങ്ങള്‍ക്കും ആമസോണ്‍ നയങ്ങള്‍ക്കും അനുസൃതമായി മാത്രമാണ് ആമസോൺ ബിസിനസ് നടത്തുകയെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

0 Comments