banner

വീട്ടിലെത്തിയപ്പോൾ ഭാര്യയ്‌ക്കൊപ്പം കാമുകന്‍!, തർക്കം, ഭർത്താവിനെ കൊന്ന് മൃതദേഹം കുളിമുറിയിലിട്ടു


സ്വന്തം ലേഖകൻ
ബെംഗളൂരു : സെക്യൂരിറ്റി ജീവനക്കാരനായ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു എച്ച്.എസ്.ആര്‍. ലേഔട്ടില്‍ താമസിക്കുന്ന വെങ്കടനായ്കി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവര്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.

ജനുവരി ഒന്‍പതാം തീയതിയാണ് എച്ച്.എസ്.ആര്‍. ലേഔട്ടിലെ വീട്ടില്‍ വെങ്കടനായ്ക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് കുളിമുറിയില്‍ തലയിടിച്ച് വീണെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകമാണെന്ന് പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് ഭാര്യയെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്.

ഭാര്യയെയും കാമുകനെയും വീട്ടില്‍ കണ്ടത് യുവാവിനെ പ്രകോപിപ്പിച്ചെന്നും ഇത് ചോദ്യംചെയ്തപ്പോള്‍ ഇരുവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ വിശദീകരണം. സംഭവദിവസം വെങ്കിടനായ്ക് വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കാമുകനെയും വീട്ടില്‍കണ്ടു.

ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ നന്ദിനിയാണ് ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം അപകടമരണമായി ചിത്രീകരിക്കാന്‍ പ്രതികള്‍ മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് നന്ദിനി മറ്റുള്ളവരെ വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു.

പ്രതികളായ നന്ദിനിയും നിതീഷും ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായ് സ്വദേശികളും സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഇരുവരും അടുപ്പത്തിലായി. കാമുകിയെ കാണാനായി മാത്രമാണ് നിതീഷ് ആന്ധ്രയില്‍നിന്ന് ബെംഗളൂരുവില്‍ എത്തിയിരുന്നത്. സംഭവദിവസം ഭര്‍ത്താവില്ലാത്ത സമയത്ത് നന്ദിനിയാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

0 Comments