banner

കെ-ഫോൺ വിഷയത്തിലെ ഹർജ്ജി!, പൊതുതാല്‍പര്യമെന്തെന്ന് സതീശനോട് ഹൈക്കോടതി, ‘പബ്ലിസിറ്റി ഇന്ററസ്റ്റ്’ മാത്രമാണെന്ന് വിമർശനം, ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ല


സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയില്‍ സി ബി ഐ അന്വേഷണം വേണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ ഹൈക്കോടതി. അതേസമയം ഹര്‍ജിയില്‍ നിലപാടറിയിക്കണം എന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സതീശന്റെ ഹര്‍ജി പൊതുതാല്‍പര്യമല്ലെന്നും പബ്ലിസിറ്റി ഇന്ററസ്റ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2019 ല്‍ ആരംഭിച്ച പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് ഇപ്പോള്‍ കോടതിയെ സമീപച്ചത് എന്ന് കോടതി ചോദിച്ചു. കെ ഫോണ്‍, എ ഐ കാമറ ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണം എന്ന ആവശ്യവും കോടതി തള്ളി. സി എ ജി റിപ്പോര്‍ട്ട് ലഭിച്ചിട്ട് ബാക്കി തെളിവുകള്‍ ഹാജരാക്കാം എന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. അതോടെ ‘അത് ലഭിച്ചിട്ട് വന്നാല്‍ പോരെ’യെന്നായിരുന്നു കോടതിയുടെ ചോദ്യം.

ജസ്റ്റിസ് വി ജി അരുണിന്റേതാണ് നടപടി. അതേസമയം ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും എന്ന് കോടതി അറിയിച്ചിട്ടുണ്ട്. കെ ഫോണ്‍ പദ്ധതിക്ക് കരാര്‍ നല്‍കിയതിലും ഉപകരാര്‍ നല്‍കിയതിലും വലിയ അഴിമതി ഉണ്ടെന്നാണ് സതീശന്റെ ഹര്‍ജിയില്‍ ആരോപണം. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കിയത്. എല്ലാ ടെന്‍ഡറുകളുടെയും ഗുണഭോക്താവ് എസ് ആര്‍ ഐ ടി ആണ് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ പകരക്കാരെ വെച്ച് കരാറുകള്‍ വീതം വെക്കുകയായിരുന്നു. അധികാരത്തിലിരിക്കുന്നയാളുമായി ഏറ്റവും അടുപ്പമുള്ള കമ്പനിക്കാണു കരാര്‍ ലഭിച്ചത്. കരാര്‍ ജോലികളും സാമ്പത്തിക ലാഭവും ഈ കമ്പനി മറ്റൊരു കമ്പനിക്കായി വഴിമാറ്റി. എ ഐ ക്യാമറ പദ്ധതിയില്‍ നടന്ന രീതിയിലുള്ള തട്ടിപ്പും അഴിമതിയുമാണ് ഈ ഇടപാടുകളിലും നടന്നിരിക്കുന്നത് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ-ഫോണെന്നും വി ഡി സതീശന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ ചെലവ് 1028.20 കോടി രൂപയാണ് ആദ്യം നിശ്ചയിച്ചത്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെയാണ് നടപ്പാക്കുന്ന ഏജന്‍സിയായി തിരഞ്ഞെടുത്തതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷണം നടത്തണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

Post a Comment

0 Comments