സ്വന്തം ലേഖകൻ
എടക്കര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢല്ലൂര്‍ താഴെ നാടുകാണി സഞ്ജയിനെയാണ് (20) വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എടവണ്ണ പോലീസിന്റെ സഹായത്തോടെ യുവാവിനെ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് യുവാവ് വലയിലാക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് ബൈക്കുമായി എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി പ്രതിയുടെ സുഹൃത്ത് താമസിക്കുന്ന എടവണ്ണയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. വണ്ടൂര്‍ തിരുവാലി ചാത്തക്കാടുള്ള സ്ഥലത്ത് കുടുംബ സമേതം റബര്‍ ടാപ്പിംഗിന് രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ എത്തിയത്. ഗൂഢല്ലൂരില്‍ രണ്ടുമോഷണ കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി.
എസ്.ഐ ജോസ്, എ.എസ്.ഐമാരായ രാമദാസ്, അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിറ്റ്സ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനിത, ഇ.ജി. പ്രദീപ്, മുഹമ്മദ് റാഫി, ഗീത, ഫിറോസ്, എടവണ്ണ സ്റ്റേഷനിലെ എസ്.ഐ റെനി ഫിലിപ്പ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ്‌കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
0 Comments