banner

വനിതാ എംഎൽഎയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം!, മറ്റൊരപകടത്തിൽനിന്ന് രക്ഷപ്പട്ടത് 10 ദിവസം മുൻപ്, അന്വേഷണം


സ്വന്തം ലേഖകൻ
ഹൈദരാബാദ് : ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ തെലങ്കാനയിലെ വനിതാ എം.എല്‍.എയ്ക്ക് ദാരുണാന്ത്യം. ഭാരതീയ രാഷ്ട്ര സമിതി (ബിആര്‍എസ്) എംഎൽഎ ലാസ്യ നന്ദിത (37) ആണ് വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.

ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. നന്ദിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എംഎൽഎയുടെ ഡ്രൈവര്‍ ചികിത്സയിലാണ്.

10 ദിവസം മുമ്പ്, ഫെബ്രുവരി 13-ന് നര്‍കാട്ട്പ്പള്ളിയിലുണ്ടായ മറ്റൊരു അപകടത്തില്‍നിന്ന് നിസാരപരിക്കുകളോടെ നന്ദിത രക്ഷപ്പെട്ടിരുന്നു. എന്നാൽ, എംഎൽഎയുടെ ഹോംഗാര്‍ഡ് മരിച്ചു. മുഖ്യമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാനായി നാല്‍ഗൊണ്ഡയിലേക്കുപോകുംവഴിയായിരുന്നു അപകടം.

1986-ല്‍ ഹൈദരാബാദില്‍ ജനിച്ച നന്ദിത, ഒരു പതിറ്റാണ്ട് മുമ്പാണ് രാഷ്ട്രീയത്തില്‍ എത്തിയത്. 2023-ലെ തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പില്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ നിന്നാണ് അവർ വിജയിച്ചത്. ബിആര്‍എസ് നേതാവായിരുന്ന ലാസിയയുടെ പിതാവ് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. എംഎൽഎയുടെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മുതിര്‍ന്ന ബിആര്‍എസ് നേതാവ് കെ.ടി.രാമറാവുവും അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments