banner

പോലീസ് ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ 13കാരി മരിച്ച സംഭവം!, പത്തുമാസം പിന്നിട്ടിട്ടും കേസിൽ തുമ്പൊന്നും കണ്ടെത്താൻ സാധിക്കാത്തത് പോലീസിൻ്റെ വീഴ്ചയെന്ന് ഹൈക്കോടതി, അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു


സ്വന്തം ലേഖകൻ
തിരുവനന്തപുരം : പോലീസ് ക്വാർട്ടേഴ്‌സിനുള്ളിൽ 13 വയസ്സുകാരി മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പത്തുമാസം പിന്നിട്ടിട്ടും തുമ്പൊന്നും കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ വലിയ വീഴ്ചയെന്ന് ഹൈക്കോടതി. അന്വേഷണം സി.ബി.ഐ.യ്‌ക്ക് വിട്ടുകൊണ്ടുള്ള ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവിലാണ് പോലീസിന്റെ വീഴ്ചകൾ എണ്ണിപ്പറയുന്നത്. കുട്ടി തുടർച്ചയായി ലൈംഗികപീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായിട്ടുള്ളതിന്റെ വ്യക്തമായ സൂചനകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

ബലാത്സംഗം ആരോപിക്കപ്പെടുന്ന കേസുകൾ എഫ്.ഐ.ആർ. ഇട്ട് രണ്ടുമാസംകൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കുറ്റവാളികളെ കണ്ടുപിടിക്കാൻ വൈകുന്ന ഓരോദിവസവും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുമെന്നുകണ്ടാണ് നിലവിലുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ കേസ് സി.ബി.ഐ.യ്ക്കു വിടുന്നതെന്നും ഉത്തരവിൽ പറയുന്നു.2023 മാർച്ച് 29-നാണ് പെൺകുട്ടിയെ പോലീസ് ക്വാർട്ടേഴ്‌സിലെ കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഏപ്രിൽ ഒന്നിന് കുട്ടി മരിച്ചു. ഇൻട്രാക്രീനിയൽ ഹെമറേജ്(മസ്തിഷ്‌ക രക്തസ്രാവം) ആണ് മരണകാരണം.

കേസിലെ സാക്ഷിമൊഴികൾ ചില വ്യക്തികളുടെ ഇടപെടലുകളിലേക്കു വിരൽചൂണ്ടുന്നുണ്ടെങ്കിലും അതിനനുയോജ്യമായ ചോദ്യംചെയ്യൽ നടന്നതായി കാണുന്നില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഇര പോലീസ് ക്വാർട്ടേഴ്സിലെ താമസക്കാരിയെന്നതും പോലീസ് ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകരാണെന്നതുമൊക്കെ കണക്കിലെടുക്കുമ്പോൾ പോലീസുകാരുടെ പങ്കാളിത്തംപോലും പൂർണമായും തള്ളിക്കളയാനാവില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

മ്യൂസിയം പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പെൺകുട്ടി ലഹരി ഉപയോഗിച്ചിരുന്നുവെന്ന സംശയത്തിലായിരുന്നു ആദ്യം അന്വേഷണം നടന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മറ്റു സൂചനകളൊന്നും കണ്ടെത്താനായില്ല. അന്വേഷണത്തിൽ അലംഭാവമുണ്ടായെന്നാരോപിച്ച് കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. എന്നാൽ, കൂടുതൽ ചോദ്യംചെയ്യലുകളോ മരണത്തിന്റെ മറ്റു സാധ്യതകളോ അന്വേഷണസംഘം പരിശോധിച്ചില്ല. സംഭവം നടന്ന് എട്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

സംഭവമിങ്ങനെ

മാർച്ച് 29-നാണ് സ്‌കൂളിൽനിന്നു പരീക്ഷ കഴിഞ്ഞെത്തിയ പെൺകുട്ടിയെ ടോയ്‌ലെറ്റിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. തലയ്ക്കു ക്ഷതമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയിരുന്നു. കൂട്ടുകാരോടൊപ്പം പുറത്തുപോകാനായി വസ്ത്രംമാറാൻ പോയതായിരുന്നു പെൺകുട്ടി.ഏറെസമയം കഴിഞ്ഞിട്ടും കാണാത്തതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചുചെന്നപ്പോഴാണ് വീണുകിടക്കുന്നതു കണ്ടത്.

തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിനു മരിച്ചു. കുട്ടിയുടെ മൊബൈൽഫോൺ കേടായിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല.പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കുട്ടി മികവ് പുലർത്തിയിരുന്നു. ക്വാർട്ടേഴ്‌സിൽനിന്ന് പോലീസ് വാനിലാണ് സ്‌കൂളിൽ പോയിവന്നിരുന്നത്. എട്ടാം ക്ലാസിലെ വർഷാവസാന പരീക്ഷ കഴിഞ്ഞെത്തിയ ദിവസമാണ് സംഭവമുണ്ടായത്.

إرسال تعليق

0 تعليقات